ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു
ഇനി ഇവർ ഒരുക്കും പുതു പ്രോജക്ടുകൾ

കണ്ണൂർ
പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണമായ പ്രോജക്ടുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി ‘ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പ് സമാപിച്ചു. ` പൂന്തോട്ടത്തിൽനിന്ന് തേൻ ശേഖരിച്ച് അവ പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷൻ തയ്യാറാക്കി ത്രിമാന അനിമേഷൻ നിർമാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് തുടങ്ങിയവ സ്വതന്ത്ര സോഫ്ട്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ക്യാമ്പിൽ പരിചയപ്പെട്ടു. ജില്ലാ ക്യാമ്പിൽനിന്നും തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മെയിൽ നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . പിണറായി എ കെ ജി സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂളിൽ ക്യാന്പിന് കൈറ്റ്സ് ജില്ലാ കോ ഓഡിനേറ്റർ കെ സുരേന്ദ്രൻ അടുത്തില, കെ ജലീല്‍, എ സിന്ധു , ബിനു ജോണ്‍, സി പി അജിത്കുമാര്‍, എ പി നജ്മുന്നീസ, ഇ ഐ ശ്രീനാഥ്, സുമയ്യ, കരുണ്‍ രാജ്, പി എ രമേശൻ, മുഹമ്മദ് നിസാമി, വി ദിനേശൻ എന്നിവർ നേതൃത്വം നൽകി.










0 comments