മൃഗശാല മാറ്റം ഇൗ ആഴ്ച പൂർത്തിയാകും

കെ എ നിധിൻ നാഥ്
Published on Oct 20, 2025, 01:00 AM | 1 min read
തൃശൂർ
തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്ന പ്രവർത്തനം ഇൗ ആഴ്‌ച പൂർത്തിയാക്കും. പാർക്കിൽ സന്ദർശകർക്ക് കാണാനായി എക്‌സിബിറ്റിൽ പ്രദർശിപ്പിക്കുന്ന മൃഗങ്ങളെയാണ് നിലവിൽ മാറ്റുന്നത്. ഹിപ്പോപ്പൊട്ടാമസ്, മുതല, മുള്ളൻപന്നി എന്നിവയെയാണ് പ്രധാനമായും മാറ്റാനുള്ളത്. ഇതിൽ ഹിപ്പോപ്പൊട്ടാമസിനെ മാറ്റുന്നത് ശ്രമകരമാണ്. വലിയ ക്രെയിന്റെ സഹായത്തോടെയാണ് മാറ്റുക. ഇവയ്‌ക്ക് താമസിക്കാനുള്ള വിശാലമായ ആവാസ ഇടങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ബയോഡൈവേഴ്‌സിറ്റി പാർക്കിലേക്കുള്ള പാമ്പ്, ആമ തുടങ്ങിയവയേയും വരും ദിവസങ്ങളിൽ മൃഗശാലയിൽ നിന്ന് പുത്തൂരിലെത്തിക്കും.
മൃഗശാലയിൽ ഇനിയുള്ള സിംഹം, പുലി, കടുവ എന്നിവയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഇവയെ പ്രദർശിപ്പിക്കാൻ കഴിയില്ല. പകരം പാർക്കിലെ ആശുപത്രിയിൽ ഇൻ പേഷ്യന്റായി പ്രവേശിപ്പിക്കും. അവയ്ക്ക് ആവശ്യമായ ചികിത്സ നൽകി സംരക്ഷിക്കും. കൂടുകൾക്ക് പകരം പുത്തൂരിൽ വിശാലമായ തുറന്ന ഇടമായതിനാൽ ഇവയ്‌ക്ക് അവിടെ അതിജീവിക്കാൻ ബുദ്ധിമുട്ടാണ് എന്നതിനാലാണ് പ്രദർശനത്തിനായി ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചത്.
മൃഗശാലയിൽ മാനുകൾ എണ്ണത്തിൽ കൂടുതലായതിനാൽ പുത്തൂരിൽ ആവശ്യം കഴിഞ്ഞുള്ളവയെ മൃഗശാലയിൽ ത്തന്നെ തൽക്കാലം നിലനിർത്തും. പ്രദർശനത്തിന് ആവശ്യമുള്ളവയെ നിലവിൽ പുത്തൂരിലെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള മ്ലാവ്, പുള്ളിമാൻ, പന്നിമാൻ എന്നിവയെ പാർക്കിന്റെ ഭാഗമായി ഒരുക്കുന്ന സഫാരി പാർക്കിൽ ഉപയോഗിക്കും. സഫാരി പാർക്കിന്റെ നിർമാണ പ്രവർത്തനം നവംബർ 15നു മുമ്പായി പൂർത്തിയാക്കും. ശേഷമാണ് ഇവയെ മാറ്റുക. തുടർന്ന് രണ്ട് മാസത്തോളം ട്രയൽ റൺ നടത്തും. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും പക്ഷി മൃഗാദികളെ എത്തിക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്.
Highlights: മാൻ സഫാരി മാർക്ക് നവംബറിൽ
ആരോഗ്യ സ്ഥിതി മോശമായവയെ ആശുപത്രിയിലേക്ക് മാറ്റും









0 comments