മഴവിൽ പാലത്തിലേറി വെള്ളച്ചാട്ടം കാണാം

ചാർപ്പ വെള്ളച്ചാട്ടത്തിന് കുറുകെ നിർമിച്ച നടപ്പാലം
കെ ജെ ലിജോ
Published on Sep 26, 2025, 12:15 AM | 1 min read
ചാലക്കുടി
പാറക്കൂട്ടങ്ങൾക്കിടയിലൂടെ കുത്തിയൊലിച്ച് വരുന്ന ചാർപ്പ വെള്ളച്ചാട്ടത്തിനടുത്ത് നടപ്പാലമൊരുങ്ങി. വേനൽക്കാലത്ത് വെള്ളം കുറവായിരിക്കുമെങ്കിലും മഴയെത്തിയാൽ ചാർപ്പയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ഭംഗിയാണ്. അതിന് കുറുകെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി നിർമിച്ച നടപ്പാലം വിനോദ സഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്. അതിരപ്പിള്ളിയിൽ നിന്ന് വാഴച്ചാലിലേക്കുള്ള വഴിയിലാണ് ആർച്ച് രൂപത്തിലുള്ള ഈ നടപ്പാലം. 2020ൽ ടൂറിസം വകുപ്പ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 99 ലക്ഷം രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരുക്കിയ പാലത്തിന്റെ നിർമാണം ഏപ്രിൽ പത്തിന് പൂർത്തിയാക്കി. പാലത്തിനു സമാന്തരമായുണ്ടായിരുന്ന പഴയ ബ്രിട്ടീഷ് നിർമിത പാലം പൊളിച്ചാണ് പുതിയ പാലം നിർമിച്ചത്. അതിരപ്പിള്ളി -വാഴച്ചാൽ മേഖലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ചാർപ്പ വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ സുരക്ഷിതമായാണ് പാലത്തിന്റെ രൂപകൽപ്പന. നടപ്പാലത്തിൽ ടൈലുകൾ പാകിയിട്ടുണ്ട്. നടപ്പാലത്തിന് പുറമേ വെള്ളച്ചാട്ടത്തെ അടുത്ത് നിന്ന് ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗതത്തിന്റെയും ടൂറിസത്തിന്റെയും സാധ്യതകൾ ഏകീകരിച്ച് ഫലപ്രദമായി നടപ്പിലാക്കിയ വികസന മാതൃകയായാണ് മഴവിൽപ്പാലം.










0 comments