ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യം: എം എ ബേബി

ന്യൂഡൽഹി: ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. അതിന് കഴിയുന്ന ശക്തികളെ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നും കർഷക സമരം ബിജെപിക്ക് രാഷ്ട്രീയ നഷ്ടമുണ്ടാക്കിയെന്നും എം എ ബേബി വ്യക്തമാക്കി.
പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിൽ മൂന്ന് പ്രധാന നിർദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്ററി താൽപര്യങ്ങളെ പ്രതിരോധിക്കുക, നിരന്തരമായ ജനസമ്പർക്കം ഉറപ്പാക്കുക, പാർട്ടി പ്രവർത്തകരെ കൂടുതൽ കേൾക്കുക എന്നിവയാണ് നിർദേശങ്ങൾ. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതി വിവേചനം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ ശുദ്ധികലശൽ ചടങ്ങിനെ വിമർശിച്ചും എം എ ബേബി പ്രതികരിച്ചു. ‘ദിമാഗി നക്സൽ’ പരാമർശത്തിൽ പ്രധാനമന്ത്രിയെയും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് ഉച്ചകോടിയിലൂടെ ട്രംപ് നയങ്ങൾക്കെതിരെ ശക്തമായ നിലപാട് ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ രാഷ്ട്രീയ വികസനങ്ങളിൽ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രധാനമന്ത്രിയെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പിന് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments