ഏഴാംകടലും കടന്ന് പാടും പാതിരിയുടെ ‘ശബ്ദം’

.സി എ പ്രേമചന്ദ്രൻ
Published on Oct 16, 2026, 12:03 AM | 1 min read
തൃശൂർ
തൃശൂർ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കോളജി ഡയറക്ടർ ‘പാടും പാതിരി’ ഫാ. പോൾ പൂവത്തിങ്കലിന്റെ ശബ്ദ ക്ലാസും തെറാപ്പിയും ഏഴാംകടലും കടന്ന് അമേരിക്കയിലും. ചിക്കാഗോ ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വോയ്സ് ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് ഫാ. പോൾ പൂവത്തിങ്കൽ ക്ലാസെടുത്തത്. ‘ശബ്ദരോഗങ്ങളും പ്രതിവിധികളും’ എന്ന വിഷയത്തിൽ ക്ലാസും വൊക്കോളജി തെറാപ്പികളും നടത്തി. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ വൊക്കോളജിയിൽ ഒരു ഇന്ത്യൻ പ്രതിനിധി ക്ലാസെടുക്കുന്നത് ആദ്യമാണ്. യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ സന്തോഷ് സൈമൺ വഴിയാണ് ഫാ. പോൾ പൂവത്തിങ്കൽ ഇവിടെയെത്തിയത്. ഇന്ത്യൻ വൊക്കോളജി പഠനശാഖ പങ്കുവയ്ക്കാനായതിൽ അഭിമാനമുണ്ടെന്ന് ഫാ. പോൾ പൂവത്തിങ്കൽ പറഞ്ഞു. ജനസംഖ്യ കൂടുതലായതിനാൽ ഇന്ത്യയിൽ ശബ്ദവുമായി ബന്ധപ്പെട്ട് രോഗികൾ കൂടുതലാണ്. പുരുഷൻമാരുടെ പെൺ ശബ്ദം മാറ്റിയതുൾപ്പടെ നിരവധിപേരെ ചികിത്സിച്ച അനുഭവങ്ങൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചു. കർണാടക സംഗീതത്തിൽ മാസ്റ്റർ ബിരുദവും പിഎച്ച്ഡിയും നേടിയ ഇദ്ദേഹം സംഗീതവുമായി സമന്വയിപ്പിച്ചാണ് ശബ്ദ ചികിത്സ നടത്തുന്നത്.








0 comments