മേല്‍നോട്ടത്തിന് ആളില്ല; കൊരട്ടി മേല്‍പ്പാലം നിര്‍മാണം ഇഴയുന്നു

ചാലക്കുടി
കൊരട്ടി ജങ്ഷനില്‍ മേല്‍പ്പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. മേല്‍നോട്ടത്തിന് ആളില്ലാതായതോടെ നിര്‍മാണത്തില്‍ അപാകതകൾ പതിവായി മാറുകയാണ്. സ്പാനുകളിലെ കമ്പി കെട്ടിയതില്‍ അപാകം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊളിച്ച് വീണ്ടും കെട്ടേണ്ടതായി വന്നു. സ്പാനുകള്‍ക്കായി കെട്ടിയുയര്‍ത്തിയ ഇരുമ്പ്കൂട് മാസങ്ങള്‍ക്ക് മുമ്പ് നിലംപതിച്ചിരുന്നു. പിന്നീട് കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ ഇടിഞ്ഞുവീണ സംഭവവും ഉണ്ടായി. നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിര്‍മാണത്തിന് വേഗം കുറഞ്ഞതോടെ ദേശീയപാതയുടെ കൊരട്ടി ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്ന് സ്പാനുകളിലായി 65 മീറ്റര്‍ വീതിയിലും അഞ്ചര മീറ്റര്‍ ഉയരത്തിലുമാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഇരുഭാഗങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡുകളുടെ കോണ്‍ക്രീറ്റ് ഭിത്തികളുടെ നിര്‍മാണവും മന്ദഗതിയിലാണ്. തൊഴിലാളികളുടെ എണ്ണത്തിലുള്ള കുറവും പ്രവൃത്തികളെ കാര്യമായി ബാധിക്കുന്നു. മണ്ണടിക്കൽ പ്രവൃത്തി നടക്കുന്നതിനായി പ്രധാനപാത അടച്ച് സര്‍വീസ് റോഡുകള്‍ വഴിയാണ് ഇപ്പോള്‍ ഗതാഗതം നടത്തുന്നത്. ഇതുമൂലം കൊരട്ടി ജങ്ഷനിലെത്തുന്ന വാഹനങ്ങള്‍ക്ക് യു-ടേണെടുക്കാന്‍ കൊരട്ടി പ്രസ് ഭാഗത്തേക്കും പൊലീസ് സ്റ്റേഷന്‍ ഭാഗത്തേക്കും പോകണം. ഒക്‌ടോബറിൽ നടക്കുന്ന കൊരട്ടിമുത്തിയുടെ തിരുനാളിന് മുമ്പായി നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാണ് ആവശ്യം ഉയരുന്നത്. കഴിഞ്ഞവര്‍ഷം തിരുനാള്‍ സമയത്ത് പ്രധാനപാത പൊളിക്കാതെയുള്ള പ്രവൃത്തികളാണ് നടന്നത്. എന്നിട്ടും കൊരട്ടി ജങ്ഷനില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പ്രധാനപാത അടച്ചിട്ട ഈ സാഹചര്യത്തില്‍ തിരുനാള്‍ ദിവസങ്ങളില്‍ വലിയ ഗതാഗത സ്തംഭനമായിരിക്കും ഉണ്ടാവുക. കുണ്ടും കുഴികളും നിറഞ്ഞ സര്‍വീസ് റോഡുകളും യാത്ര ദുഷ്‌കരമാക്കുന്നു. ഡ്രെയിനേജുകളുടേയും സ്ലാബുകളുടേയും പ്രവൃത്തി ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. ഭാരവാഹനങ്ങള്‍ പോകുന്നതിനാല്‍ സര്‍വീസ് റോഡുകളും താറുമാറായിക്കഴിഞ്ഞു. നിര്‍മാണ സ്ഥലത്ത് മതിയായ വെളിച്ചമോ അപകട സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല.









0 comments