ad
Deshabhimani

print edition കീഴടങ്ങിയത് മോദിയുടെ മർക്കടമുഷ്‌ടി: എം എ ബേബി

m a baby

ചങ്ങനാശേരിയിൽ ടി കെ സ്മാരക പഠന കേന്ദ്രം സംഘടിപ്പിച്ച 'ഇന്ത്യൻ രാഷ്ട്രീയത്തിലെ സമര വഴികൾ' സെമിനാർ 
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 01:07 AM | 2 min read

ചങ്ങനാശേരി: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സമരത്തിനു മുന്നിൽ കീഴടങ്ങിയത് നരേന്ദ്രമോദിയുടെ മർക്കടമുഷ്ടിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സമരധീരതയ്‌ക്ക്‌ മുന്നിൽ പ്രധാനമന്ത്രിക്ക് കീഴടങ്ങേണ്ടിവന്നു. മുമ്പ് കർഷകരുടെ മുമ്പിലും ഇതേപോലെ കീഴടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുടെ രാജി വലിയ നേട്ടമാണെങ്കിലും ഇനിയും പ്രതിഷേധങ്ങൾ തുടരണം. വിദ്യാഭ്യാസമേഖലയിലെ കച്ചവടവൽക്കരണത്തെയും വർഗീയവൽക്കരണത്തെയും എതിർക്കണം. ടി കെ സ്മാരക പഠനഗവേഷണ കേന്ദ്രം ചങ്ങനാശേരിയിൽ സംഘടിപ്പിച്ച സെമിനാറിൽ ‘ഇന്ത്യൻ രാഷ്ട്രീയത്തിലെ സമരവഴികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദി സ്ഥാനത്തുനിന്ന് മാറിയെങ്കിലും ഇതെല്ലാം ചെയ്യാൻ കെൽപ്പുള്ള മറ്റൊരാളാണ് ആ സ്ഥാനത്ത് വന്നിരിക്കുന്നത്. ക്രമക്കേട് നടത്തിയ സർക്കാർ തുടരുകയാണ്. അതുകൊണ്ട് യുവജനങ്ങളും വിദ്യാർഥികളും ജാഗ്രത തുടർന്നേ തീരൂ.

വിദ്യാഭ്യാസ കാര്യങ്ങൾ തീരുമാനിക്കുന്നത് ആർഎസ്എസ് ആസ്ഥാനത്തുനിന്നാണ്. ആർഎസ്എസ് ഏറ്റവുമധികം ഇടപെടുന്നത് സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമാണ്. ശ്രീരാമന്റെ പേരിൽ വർഗീയ വിഭജനം നടത്തുകയും അതേ ശ്രീരാമന്റെ ക്ഷേത്രം കൊള്ളയടിക്കുകയും ചെയ്തവർ പരീക്ഷയിൽ കൊള്ളയടി നടത്തിയതിൽ അത്ഭുതമില്ല.


മോദിഭരണത്തിൽ കോടതിയും ജനങ്ങളുടെ അവസാന ആശ്രയമല്ലാതെയായി. അപ്പോൾ ജനങ്ങൾക്ക് ആശ്രയമുണ്ടോ? ഉണ്ടെന്ന് ഈ സമരം തെളിയിച്ചു. ജനങ്ങളാണ് ജനങ്ങളുടെ ആശ്രയം. മന്ത്രിമാർ ഉത്തരവാദിത്വമേൽക്കണം. ജനങ്ങളോട് മറുപടി പറയണം. അത് സ്ഥാപിക്കാൻ ഡെൽഹിയിലെ സമരത്തിലൂടെ കഴിഞ്ഞു. സിജെപിയാണ് ആ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ചത്. അതിന് എസ്എഫ്ഐയും ഇടതുപക്ഷ പാർടികളും കരുത്ത് പകർന്നു. ലോകമാകെ സമരത്തെ പിന്തുണച്ചപ്പോൾ, സമരത്തിന് ഐക്യദാർഢ്യവുമായി ഒത്തുചേർന്ന കലാകാരന്മാരടക്കമുള്ളവർക്കെതിരെ കേരളത്തിലെ യുഡിഎഫ് സർക്കാർ കേസെടുക്കുകയാണ് ചെയ്തത്.


ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയനായ തൊഴിലാളിവർഗ സമരനായകനായിരുന്നു ടി കെ രാമകൃഷ്ണനെന്നും എം എ ബേബി അനുസ്മരിച്ചു. ടി കെ സ്മാരക പഠന കേന്ദ്രം ചെയർമാൻ ടി ആർ രഘുനാഥൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, കൃഷ്ണകുമാരി രാജശേഖരൻ, പി വി സുനിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി കെ പത്മകുമാർ, കെ സി ജോസഫ്, ഏരിയ സെക്രട്ടറി കെ ഡി സുഗതൻ, മുതിർന്ന നേതാവ് എം ടി ജോസഫ്, ടി കെ സ്മാരക കേന്ദ്രം സെക്രട്ടറി എം വി കോര എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home