സ്‌ത്രീകൾക്ക് സൗജന്യ യാത്ര 87 ബസുകളിൽ മാത്രം

തൃശൂർ
തെരഞ്ഞെടുപ്പുകാലത്ത് കൊട്ടിഘോഷിച്ച കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പാക്കുന്പോൾ ജില്ലയിൽ ഇൗ സൗജന്യം ലഭിക്കുക 87 ബസുകളിൽ മാത്രം. ഇവയാകട്ടെ ജില്ലയുടെ ചെറിയ പ്രദേശത്തുമാത്രമാണ് സർവീസ് നടത്തുന്നത്. ഫലത്തിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ടിക്കറ്റില്ലാ യാത്രയുടെ ഗുണം ലഭിക്കില്ലെന്ന് ‘ഗ്യാരന്റി’. ജില്ലയിൽ തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പുതുക്കാട് ഡിപ്പോകളിൽനിന്നാണ് കെഎസ്‌ആർടിസി സർവീസുകൾ നടത്തുന്നത്. ഇതിൽ ചാലക്കുടി ഡിപ്പോയിലാണ് കൂടുൽ ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്–24 എ ണ്ണം. ഇവയിലേറെയും തൃശൂരിലേക്കാണ്. ശേഷിക്കുന്നവ, അതിരപ്പിള്ളി, മലക്കപ്പാറ, കാടുകുറ്റി, നാലുകെട്ട്, കാലടി പ്ലാന്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും. വിനോദ സഞ്ചാരമേഖലയിലേക്ക് സർവീസ് നടത്തുന്ന ബസുകളിൽ തിരക്ക് വർധിക്കാനിടയുണ്ട്. കൊടുങ്ങല്ലൂർ ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ഏഴു ബസുകളിൽ അഞ്ചും എറണാകുളത്തേക്കാണ്. രണ്ടുബസുകൾ തൃശൂർ മെഡിക്കൽ കോളേജിലേക്കും. ഇരിങ്ങാലക്കുടയിൽനിന്ന് ആകെ മൂന്ന് ഓർഡിനറി സർവീസുകളാണ് ഉള്ളത്. അതിൽ ഒന്ന് മുരിയാട് പഞ്ചായത്തിലേക്കുള്ള ഗ്രാമവണ്ടിയാണ്. പുതുക്കാട് ഡിപ്പോയിലേക്ക് 21 ഷെഡ്യൂളുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 17 എണ്ണം മാത്രമാണ് സ്ഥിരമായി സർവീസ് നടത്തുന്നത്. ഗുരുവായൂർ ഡിപ്പോയിൽനിന്ന് 16 ഓർഡിനറി സർവീസുകളാണ് ഉള്ളത്, ഇതിൽ ഒന്പതും എറണാകുളത്തേക്കാണ്. പാലക്കാട്ടേക്ക് നാലും തൃശൂർ, പൂവത്തൂർ, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് ഒരു ബസ് വീതവുമാണ് സർവീസ് നടത്തുന്നത്. തൃശൂർ ഡിപ്പോയിൽനിന്ന് 20 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്, പാലക്കാട്, പൊള്ളാച്ചി, പെരിന്തൽമണ്ണ റൂട്ടുകളിലാണ് ഇവയിലേറെയും സർവീസ് നടത്തുന്നത്. കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര എന്ന് തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ പ്രചാരണം ഫലത്തിൽ ബഹുഭൂരിപക്ഷം ബസുകളിലും യാഥാർഥ്യമാവില്ല.










0 comments