സുരക്ഷയിൽ വീഴ്‌ച; പാതകളിൽ മരണക്കെണി

തൃശൂർ
രണ്ടു ദിവസത്തിനകം ജില്ലയിലെ റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 13 ജീവൻ. കേന്ദ്ര– സംസ്ഥാന സർക്കാർ അനാസ്ഥയും സുരക്ഷാ വീഴ്‌ചകളും അമിതവേഗതയും പാതകളിൽ മരണംവിതയ്‌ക്കുകയാണ്. ദേശീയപാത അ തോറിറ്റിയുടെയും റോഡ് നിർമാണ കരാർ ക്കന്പനിയുടെയും കടുത്ത അനാസ്ഥയാണ് കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. സർക്കാർ അനാസ്ഥമൂലമുള്ള റോഡ് തകർച്ചയാണ് അയ്യന്തോൾ ചുങ്കത്ത് ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയത്. ഇൗ ചോരപ്പാടുകൾ മായുംമുന്പെ കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് ദന്പതികളും കുഞ്ഞും മരിച്ചു. ശനിയാഴ്‌ച ദേശീയപാതയിൽ പട്ടിക്കാടിനടുത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ഇടിച്ചിട്ട വാഹനം നിർത്താതെപോയി. പിറകെവന്ന വാഹനങ്ങൾ ശരീരത്തിൽ കയറിയിറങ്ങി. അപകടങ്ങൾ തുടരുന്പോഴും റോഡ് സുരക്ഷാ നടപടി പാലിക്കുന്നതിലെ വീഴ്‌ച തുടരുകയാണ്. റോഡപകടങ്ങൾ കുറയ്‌ക്കാനാണ് ആറുവരിപ്പാത നിർമിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് അപകടങ്ങൾ വർധിക്കാനിടയാക്കുകയാണ്. തെരുവുവിളക്കില്ലാത്തതിനാൽ പലയിടങ്ങളിലും ഇരുട്ടാണ്. ദിശാ ബോർഡുകളും ഇല്ല. പാതയിൽ മോട്ടോർ വാഹന വകുപ്പും ഹൈവേ പൊലീസും ദേശീയപാത അതോറിറ്റി അധികൃതരും 24 മണിക്കൂറൂം പട്രോളിങ് നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇവയൊന്നും തന്നെ നടപ്പാകുന്നില്ല. അനധികൃത പാർക്കിങ് തടയുക, അപകടത്തിൽപ്പെട്ട വാഹനങ്ങൾ റിക്കവറി വാഹനങ്ങളുടെ സഹായത്തോടെ നീക്കുക, ആംബുലൻസ് സൗകര്യവും പാർക്കിങ് സൗകര്യവും ഒരുക്കുക. എന്നിവയും ദേശീയപാത അതോറിറ്റിയുടെ ചുമതലയാണ്. എന്നാൽ ഇത്തരം നടപടികൾ ഫലപ്രദമല്ല. ദേശീയപാതയിൽ കയ്‌പമംഗലത്ത് മേൽപ്പാലത്തിന്റെ തുടക്കമാണ്. ഇവിടെ ഗതാഗതം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബ്ലോക്കുകൾക്ക് 200 മീറ്റർ അകലെ മുന്നറിയിപ്പ് ബോർഡുകളും സൂചനാലൈറ്റുകളും രാത്രിയിൽ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതിനുപകരം സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടുന്ന സ്ഥലത്ത് കോൺക്രീറ്റ് സ്ലാബിലാണ് ദിശാസൂചിക അടയാളപ്പെടുത്തിയത്. ഇൗ ദിശാസൂചിക മറച്ചാണ് ദേശീയപാതയിൽ ലോറി നിർത്തിയിട്ടിരുന്നത്. വേഗത്തിലെത്തിയ കാർ ഡ്രൈവർക്ക് ബോർഡുകൾ കാണാനായില്ല. ദേശീയപാതയിൽ പലയിടങ്ങളിലും സർവീസ് റോഡുകളിലും അനധികൃത പാർക്കിങ് തുടരുകയാണ്. ഇതിനുപുറമെ തകർന്ന റോഡുകളും യാത്രക്കാർക്ക് മരണക്കെണിയാകുകയാണ്.








0 comments