ad
Deshabhimani

വീണത്‌ 30 അടി താഴ്‌ചയിലേയ്ക്ക്‌ കൊക്കയിൽ വീണ 
വിനോദസഞ്ചാരിയെ രക്ഷിച്ചു

 മലക്കപ്പാറയിൽ താഴ്ചയിലേക്ക് വീണ വിനോദ സഞ്ചാരിയെ പുറത്തെടുക്കുന്നു
വെബ് ഡെസ്ക്

Published on Jul 02, 2026, 12:14 AM | 1 min read

ചാലക്കുടി

മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുല്ലശേരി പഞ്ചായത്തിലെ പെരുവള്ളൂർ കാരമക്കൽ വീട്ടിൽ അർജുനാ (55)ണ് തോട്ടാപുര വ്യൂ പോയിന്റിൽ കാഴ്ചകൾ കാണുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണത്. ബുധൻ പകൽ 12.30നായിരുന്നു സംഭവം. അർജുന്റെ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്നവർ പൊലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജെയ്‌സൺ, സിവിൽ പൊലീസ് ഓഫീസർമാരായ സുശാന്ത്, പ്രവീൺ, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഗിരീഷ് എന്നിവർ സ്ഥലത്തെത്തി. അപകടകരമായ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തുകൂടി താഴേക്ക് ഇറങ്ങുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ അനുരാജും രക്ഷാപ്രവർത്തനത്തിനെത്തി. ഒരു സുരക്ഷാ സന്നാഹങ്ങളും ഇല്ലാതെയാണ്‌ അതിസാഹസികമായി ഇവർ താഴ്ചയിലേക്ക് ഇറങ്ങിച്ചെന്നത്‌. ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട അർജുനെ ഏറെ പണിപ്പെട്ട്‌ ഇവർ വടം ഉപയോഗിച്ച് സുരക്ഷിതമായി മുകളിലേക്കെത്തിച്ചു. തുടർന്ന് അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home