Deshabhimani

ഓടിയും നീന്തിയും കൃഷ്ണേട്ടൻ, വയസ്സ്‌ 73

മുളങ്ങിലെ വീട്ടിലേക്ക് ഓടിയെത്തുന്ന 
കൃഷ്ണേട്ടൻ
avatar
ഇ കെ അനൂപ്‌

Published on Sep 02, 2026, 12:13 AM | 1 min read

പറപ്പൂക്കര

മുളങ്ങിലെ പാലക്കട വീട്ടിൽ കൃഷ്ണൻ എന്ന കൃഷ്ണേട്ടന്‌ പ്രായമിപ്പോൾ 73. പുലർച്ചെ 3ന്‌ റിഫ്ലക്‌ടർ ജാക്കറ്റും ധരിച്ച്‌ കൃഷ്‌ണേട്ടനെ റോഡിൽ കാണാം. അദ്ദേഹം ഓടുകയാണ്‌. വെറുതെ ഒരോട്ടമല്ല അത്‌. മുളങ്ങില്‍ നിന്ന് നെടുമ്പാൾ- മാപ്രാണം -ഊരകം -ആറാട്ടുപുഴ വഴി മൂന്നര മണിക്കൂർ നീളുന്ന ഓട്ടം. മുളങ്ങിലെ വീട്ടിൽ തിരിച്ചെത്തുന്പോൾ സമയം 6.30. പുലർച്ചെയുള്ള ഓട്ടത്തിൽ തെരുവുനായകളെ നേരിടാൻ വടിയും ടോർച്ചും ഉണ്ടാകും.ഒരു കുപ്പി കുടിവെള്ളവും കരുതും. ഇതൊരു വെറും വ്യയാമമല്ല, ഓട്ടത്തിനോട്‌ കൃഷ്‌ണേട്ടന്‌ അത്രമേൽ പ്രണയമാണ്‌. നാലമ്പലത്തിലേക്കും ഉത്സവങ്ങൾക്കും കടയിലേക്കും ഓടിത്തന്നെയാണ് യാത്ര. ഓട്ടം മാത്രമല്ല കൃഷ്‌ണേട്ടന്റെ ‘ക്രെയ്‌സ്‌’. വീടിനടുത്തുള്ള മാഞ്ഞാംകുഴി ഡാമിന്റെ മുകളിൽ നിന്ന് കുറുമാലിപ്പുഴയിലേക്ക് ചാടി ഒരു കിലോമീറ്റർ അപ്പുറം പുഴയുടെ തീരത്തുള്ള വീട്ടിലേക്ക് നീന്തിക്കയറും. പുഴയിലെ നീന്തലിൽ അവസാനിക്കുന്നില്ല ആ ‘നീന്തൽപ്രാന്ത്‌’. നാട്ടിക സ്നേഹതീരം വരെ ഓടി അവിടെ കടലിൽ നീന്തും. കടലിൽ എളുപ്പത്തിൽ നീന്താനുള്ള അത്യാവശ്യം സൂത്രവിദ്യകളും കൃഷ്‌ണേട്ടന്റെ കൈയിലുണ്ട്. പ്രധാന തൊഴിൽ കൃഷിയാണ്. കുട്ടിക്കാലത്ത്‌ കന്നുകാലികളെ മേയ്‌ക്കാൻ അച്ഛൻ ഏൽപ്പിക്കുമായിരുന്നു. പലപ്പോഴും പശുവും എരുമയും പുഴ നീന്തിപ്പോകും. അവയുടെ പുറകെ നീന്തിപ്പോയി തിരികെയെത്തിച്ച്‌ അച്ഛന്റെ ചീത്ത ഒഴിവാക്കാനാണ് നീന്തൽ പഠിച്ചത്‌. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറി. തൃശൂർ മാരത്തോൺ ഓട്ട മത്സരത്തിൽ 42.195 കിലോമീറ്റർ ഓടി 60വയസ്സിന് മുകളിൽ ഉള്ളവരുടെ മത്സരത്തിൽ രണ്ടാം സ്ഥാനവും തൃശൂർ അക്വാട്ടിക്ക് അസോസിയേഷന്റെ ബെസ്റ്റ് സ്വിമ്മർ കേരള പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടുമാസം മുന്പ്‌ മുളങ്ങിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ കൃഷ്‌ണനെ ആദരിച്ചിരുന്നു. ശോഭയാണ് ഭാര്യ. സുമിത, സ്മിത എന്നിവരാണ്‌ മക്കൾ. മരുമക്കൾ: ശ്രീജിത്ത്‌, രാഗേഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home