ad
Deshabhimani

‘വിവാ ബീ’

തേനീച്ചകളെ വീക്ഷിക്കുന്ന വിദ്യാര്‍ഥിനികള്‍
വെബ് ഡെസ്ക്

Published on Sep 07, 2026, 12:22 AM | 1 min read

ക്യാമ്പസിന്റെ പതിവ് തിരക്കുകൾക്കിടയിൽ നേർത്തൊരു മൂളൽ. ആ ശബ്ദത്തെ പിന്തുടർന്നെത്തിയാൽ മുന്നിൽ തെളിയുന്നത് ‘വിവാ ബീ’ എന്ന ബോർഡും അതിനുചുറ്റും കൗതുകത്തോടെ കൂടിനിൽക്കുന്ന വിദ്യാർഥികളും. പുസ്തകത്താളുകളിൽ പരിചയപ്പെട്ട തേനീച്ചകളുടെ ലോകം ഇപ്പോൾ ജീവൻ തുടിക്കുന്ന തുറന്ന പാഠപുസ്തകമാണിവിടെ. അവ കൂടുവിട്ട് ക്യാമ്പസിലേക്ക്‌ പറന്നിറങ്ങുകയാണ്. വിമല കോളേജിൽ സുവോളജി പഠനത്തിന് തേൻമധുരം പകരുകയാണ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ നടത്തുന്ന തേന്‍കൃഷി. സുവോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ആഡ് ഓണ്‍ കോഴ്സായ തേനീച്ച വളര്‍ത്തലിന്റെ ഭാഗമായാണ് തേനീച്ചക്കോളനികള്‍ ഒരുക്കിയതെങ്കിലും ക്യാമ്പസിലെ കൗതുകക്കാഴ്ചയായി ഇത് മാറിക്കഴിഞ്ഞു. തേനീച്ച വളര്‍ത്തലിന്റെയും തേന്‍ ഉല്‍പ്പാദനത്തിന്റെയും വിവിധ ഘട്ടങ്ങള്‍ നേരിട്ട് പരിചയപ്പെടാനും അതിന്റെ സംരംഭ സാധ്യതകള്‍ മനസ്സിലാക്കാനും വിദ്യാര്‍ഥിനികള്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. 2023ലാണ് തേനീച്ച വളര്‍ത്തല്‍ ആഡ് ഓണ്‍ കോഴ്സ് സുവോളജി വകുപ്പ് ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് തേനീച്ചക്കോളനികള്‍ ക്യാമ്പസിലുണ്ട്. തേനീച്ചക്കൂടിനുള്ളിലെ ഓരോ ചലനവും വിദ്യാർഥികൾക്ക് പുതിയ പാഠമാണ്. തേനീച്ചകളുടെ ജീവിതരീതി, കൂടിന്റെ ഘടന, പരിപാലനം, തേൻ ശേഖരിക്കുന്ന രീതി തുടങ്ങി തേൻകൃഷിയുടെ വിവിധ വശങ്ങൾ പ്രായോഗികമായി മനസ്സിലാക്കുകയാണ് വിദ്യാർഥികൾ. അധ്യാപകർ പറഞ്ഞുതരുന്ന അറിവിനപ്പുറം, നേരിട്ടുള്ള അനുഭവത്തിലൂടെയാണ് പഠനം മുന്നേറുന്നത്. തേനീച്ചകളോട് അടുത്തിടപഴകുന്നതിനുള്ള കൗതുകം തന്നെയാണ് വിദ്യാർഥികളെ ഈ പഠനത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. ആദ്യമൊന്ന് അകലം പാലിച്ചുനിന്നവരും പിന്നീട് തേനീച്ചക്കൂടിന്റെ പ്രവർത്തനങ്ങൾ അടുത്തുനിന്ന് നിരീക്ഷിക്കാൻ ആവേശത്തോടെ മുന്നോട്ടെത്തുന്നുണ്ട്. പഠനത്തോടൊപ്പം പ്രകൃതിയെയും ജൈവവൈവിധ്യത്തെയും അടുത്തറിയാനും പരിപാലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും തേൻകൃഷി വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു. വര്‍ഷത്തില്‍ മൂന്നുതവണയാണ് തേന്‍ വിളവെടുക്കുന്നത്. തൃശൂര്‍ ഭാരത് ബീ കീപ്പിങ് സെന്ററിലെ എം ആർ സജയകുമാറിന്റെയും നേച്ചറിന്റെയും നേതൃത്വത്തിലാണ് തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നത്. ക്യാമ്പസിലെ പതിവ് തിരക്കുകൾക്കിടയിൽ, തേനീച്ചകളുടെ മൂളലിനൊപ്പം നടക്കുന്ന ഈ പഠനം വിമല കോളേജിലെ വേറിട്ടൊരു കാഴ്ചയാണ്. അറിവിന് മധുരം പകരുന്ന ഈ ചെറിയ തേൻകൂടുകൾ, വിദ്യാർഥികളുടെ വലിയ കൗതുകങ്ങള്‍ക്ക് അടിത്തറയാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home