ad
Deshabhimani

ഗോകുലിനെതിരെ പ്രതിഷേധം രൂക്ഷം

കെഎസ്‌യു തമ്മിലടി; അന്വേഷണത്തിന്‌ കമീഷൻ

 ഗോകുലിനെതിരെ പ്രതിഷേധം രൂക്ഷം
avatar
സ്വന്തം ലേഖകൻ

Published on Jun 22, 2026, 12:48 AM | 1 min read

തൃശൂർ

കെഎസ്‌യു ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന തമ്മിലടി അന്വേഷിക്കാൻ ഡിസിസി അന്വേഷണ കമീഷനെ നിയോഗിച്ചു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയും മൂന്നംഗ കമീഷനെ നിയോഗിച്ചു. കമീഷൻ അംഗങ്ങൾ ഉടൻ തെളിവെടുപ്പ്‌ നടത്തും. കെഎസ്‌യു ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിന് നേരെ ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂർ വധഭീഷണി മുഴക്കിയതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. ‘ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടിക്കോ വന്നാൽ കാല് വെട്ടുമെന്നും നിന്നെ നേരത്തെ തീർക്കാൻ അറിയാതെയല്ല’ എന്നുമുള്ള ഭീഷണിയുടെ ഓഡിയോ പ്രചരിച്ചിരുന്നു. ശനിയാഴ്‌ച തൃശൂർ ഡിസിസി ഓഫീസിൽ ചേർന്ന കെഎസ്‌യു ജില്ലാ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച്‌ തർക്കവും കൈയേറ്റവും നടന്നു. യോഗത്തിൽ ഗോകുലിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ കെഎസ്‌യു ഓഫീസിന്‌ മുന്നിൽ സ്ഥാപിച്ചിരുന്ന ജില്ലാ പ്രസിഡന്റിന്റെ നെയിം ബോർഡ്‌ തകർക്കുകയും വലിച്ചുകീറുകയും ചെയ്തു. സംഭവം അന്വേഷിക്കാൻ സംഘടനാ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ ബാബുരാജ്‌, പി ആർ സുരേഷ്‌ എന്നിവരെ ചുമതലപ്പെടുത്തി. പരാതികളുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ സംഘടനാപരമായ പ്രശ്നങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ മൂന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറിമാർ ഉൾപ്പെട്ട കെഎസ്‌യു അന്വേഷണ കമീഷനും രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ കമീഷൻ അംഗങ്ങൾ അടുത്ത ദിവസം ജില്ലയിൽ എത്തും. എന്നാൽ കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനായ ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂരിനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നതെന്ന്‌ എതിർവിഭാഗം പറയുന്നു. ഏകപക്ഷീയ നടപടിയുണ്ടായാൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറയുന്നു. ഇത്‌ സംബന്ധിച്ച വാഗ്വാദങ്ങൾ കെഎസ്‌യു ജില്ലാകമ്മിറ്റിയുടെ വാട്ട്‌സാപ്പ്‌ ഗ്ര‍ൂപ്പിൽ രൂക്ഷമാവുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home