ad
Deshabhimani

ഇന്നോവ കാറിൽ ചാരായം കടത്ത്; മാള സ്വദേശി പിടിയിൽ

സുഷേൺ
വെബ് ഡെസ്ക്

Published on Jul 16, 2026, 12:22 AM | 1 min read

മാള

അഷ്ടമിച്ചിറയിൽ ഇന്നോവ കാറിൽ ചാരായം കടത്തുന്നതിനിടെ മാള വടമ സ്വദേശി പിടിയിൽ. ബിജെപി പ്രവർത്തകനും സൗത്ത് ജില്ലാ സോഷ്യൽ മീഡിയ കമ്മിറ്റി അംഗവുമായ കല്ലിങ്ങപ്പുറം വീട്ടിൽ സുഷേണിനെ (45)ആണ്‌ എക്സൈസ് സംഘം പിടികൂടിയത്‌. ഇയാളിൽ നിന്ന് 12 ലിറ്റർ ചാരായം പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും മാള എക്സൈസ് റേഞ്ചും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മാസങ്ങളായി വാഹനങ്ങളിൽ ചാരായം കടത്തി വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിലേറെയായി പ്രതി നിരീക്ഷണത്തിലായിരുന്നു. ഏറെ നേരം രഹസ്യമായി പിന്തുടർന്ന ശേഷമാണ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ആയുർവേദ മരുന്നുകളും പഴങ്ങളും ചേർത്തതാണെന്ന വ്യാജേന സ്പിരിറ്റ് കലർത്തിയ മദ്യമാണ് ഇയാൾ വിതരണം ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഒരു ലിറ്റർ വീതമുള്ള പ്ലാസ്റ്റിക് കുപ്പികളിലാക്കി ചാരായം വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച ശേഷം ആ സ്ഥലത്തിന്റെ ചിത്രം വാങ്ങുന്നവർക്ക് അയച്ചുകൊടുത്ത് പണം വാങ്ങി കൈമാറ്റം ചെയ്യുന്ന "ഡ്രോപ്പ് ആൻഡ് പിക്ക്' രീതിയാണ് ഇയാൾ പിന്തുടർന്നിരുന്നത്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എൻ സന്തോഷിന്റെ നേതൃത്വത്തിൽ മാള റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എം ബാബു, സി എ ജോഷി, വി എം ജബ്ബാർ, എം ആർ നെൽസൻ, കെ വി ജീസ്മോൻ, കെ എൻ സുരേഷ്,പി വി ബെന്നി,സിവിൽ എക്സൈസ് ഓഫീസർമാരായ എ എസ് റിഹാസ്, നിഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home