ad
Deshabhimani

നാലമ്പല തീർഥാടനം

ഒരുങ്ങി കൂടൽമാണിക്യവും പായമ്മലും ​

നാലമ്പല തീർഥാടകർക്കായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരുക്കിയ പന്തൽ
വെബ് ഡെസ്ക്

Published on Jul 16, 2026, 12:28 AM | 1 min read

ഇരിങ്ങാലക്കുട

നാലമ്പല ദര്‍ശനത്തിനായി തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി ശ്രീ കൂടൽമാണിക്യം ക്ഷേത്രവും പായമ്മൽ ക്ഷേത്രവും. ഇരുക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഇവിടങ്ങളില്‍ എർപ്പെടുത്തിയിരിക്കുന്നത്. 17 നാണ്‌ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലായി നാലമ്പല തീർഥാടനം തുടങ്ങുന്നത്. കൂടൽമാണിക്യ ക്ഷേത്രം കിഴക്കേനടയിലും അകത്തും പ്രത്യേക ജർമൻ പന്തലുകൾ നിർമിച്ച് കഴിഞ്ഞു. വരിയിൽ ഉള്ളവർക്ക് ഇരിപ്പിടങ്ങളും ചെളി ഒഴിവാക്കാനുള്ള പ്ലാറ്റ്ഫോമുകളും തീർഥക്കര പ്രദക്ഷിണം സുഗമമാക്കാനുള്ള പന്തലും എട്ട് വഴിപാട് കൗണ്ടറുകളും വഴിപാടുകൾക്കായി ഡിജിറ്റൽ സൗകര്യവും കുടിവെള്ളവും തെക്കേ ഊട്ടുപുരയിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിന് കൊട്ടിലാക്കൽ ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളാണ് പരിഗണിക്കുന്നത്. പാർക്കിങ് സ്ലോട്ടുകൾ അറിയാൻ പ്രത്യേക ക്യൂആർ കോഡ് സംവിധാനവുമുണ്ട്. പായമ്മൽ ക്ഷേത്രത്തിൽ മൂവായിരം പേർക്കുള്ള ഓലപ്പന്തൽ, 10 വഴിപാട് കൗണ്ടറുകൾ, സാധാരണ ദിവസങ്ങളിൽ 5000 പേർക്കും ഒഴിവ് ദിനങ്ങളിൽ 10000 പേർക്കുമുള്ള പ്രസാദ ഊട്ട്, രണ്ട് പാർക്കിങ് ഗ്രൗണ്ടുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പടിയൂർ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിർമാണം ഗതാഗതയോഗ്യമാക്കിയത് നാലമ്പല തീർഥാടനം കഴിഞ്ഞ് മടങ്ങുന്ന വിശ്വാസികള്‍ക്ക് ആശ്വാസമാകും. എൽഡിഎഫ് സർക്കാരാണ് 1.62 കോടി രൂപ ചെലവില്‍ പാലം പണി പൂർത്തിയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home