നീന്തിയെടുത്തു, ജീവിത വിജയം കിരീടം

സംസ്ഥാന പാര നീന്തൽ മത്സരത്തിൽ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം 50 മീറ്റർ ഫ്രീ സ്റ്റൈയിൽ ഒന്നാം സ്ഥാനം നേടുന്നു
തൃശൂർ
ശരീരത്തിന്റെ പരിമതികളെ ദൃഢനിശ്ചയം കൊണ്ട് നീന്തി തോൽപ്പിക്കുകയാണ് ആസിം. രണ്ട് കൈകളുമില്ലാത്ത ഒരു കാലിന് മാത്രം ചലനമുള്ള നട്ടെല്ലിന് വളവുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം നീന്തൽ മത്സരത്തിന് ഇറങ്ങി കഴിഞ്ഞാൽ പിന്നെ വിജയ കിരീടം ചൂടിയേ തിരിച്ച് കയറാറുള്ളു. തൃശൂരിൽ നടന്ന സംസ്ഥാന പാരാസ്വിമ്മിങ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത ആസിം 50, 100 മീറ്റർ ഫ്രീ സ്റ്റൈയിൽ, 50 മീറ്റർ ബാക്ക് സ്‌ട്രോക് എന്നീ മൂന്നു ഇനങ്ങളിലും സ്വർണം നേടി. കഴിഞ്ഞ രണ്ട് വർഷമായി ഇൗ മൂന്നു ഇനങ്ങളിലും ആസിം തന്നെയാണ് വിജയി. കഴിഞ്ഞ രണ്ട് വർഷവും ദേശീയ മീറ്റിലും വിജയം ആസിമിന് തന്നെയായിരുന്നു. മനകരുത്തിൽ നീന്തി കയറുന്ന ആസിം 18ന് സിങ്കപ്പൂരിൽ നടക്കുന്ന അന്തർദേശീയ പാരാസ്വിമ്മിങ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ്. എസ്2 വിഭാഗത്തിൽ അന്താരാഷ്‌ട്ര വേദിയിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവുമായാണ് സിങ്കപ്പൂരിലേക്ക് പോകുന്നത്. പാരാ ഒളിന്പിക്‌സ് ലക്ഷ്യമിടുന്ന ആസിമിന് സിങ്കപ്പൂരിൽ മികച്ച പ്രകടനം നടത്താനായാൽ ഏഷ്യൻ മീറ്റിലേക്ക് യോഗ്യത ലഭിക്കും. ഭിന്നശേഷിക്കാരാനായ ആസിമിന് ചെറുപ്പം മുതൽ നീന്തൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുടുംബത്തിനു അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പെരിയാറിലെ വിദഗ്ധ നീന്തൽ പരിശീലകനായ സജി വാളാശേരിയാണ് ആസിമിന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിനൊപ്പം നീന്തൽ പഠിച്ചതോടെ കുടുംബത്തിനും ആത്മവിശ്വാസമായി. മദ്രസ അധ്യാപകനായ ഉപ്പ മുഹമ്മദ് ഷഹീദ് ജോലി ഉപേക്ഷിച്ച് മകന്റെ സ്വപ്‌നത്തിന് കരുത്തായി മുഴുവൻ സമയം ഒപ്പം നിന്നു. ഉജ്വല ബാല്യ പുരസ്‌കാരവും സംസ്ഥാന യുവപ്രതിഭാ പുരസ്‌കാരവും ലഭിച്ച ആസിം ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫിഫയുടെ അതിഥിയായും പങ്കെടുത്തിട്ടുണ്ട്.










0 comments