ad
Deshabhimani

ചൂട് കൂടുന്നു

വേണം അതീവ ജാഗ്രത

കനത്ത ചൂടിൽ സ്‌കൂൾ ബാഗ്‌ തലയിൽ വച്ച്‌ തേക്കിൻകാട്‌ മൈതാനിയിലൂടെ നടന്നു പോകുന്ന വിദ്യാർഥികൾ         /ഫോട്ടോ: ഡിവിറ്റ്‌ പോൾ

കനത്ത ചൂടിൽ സ്‌കൂൾ ബാഗ്‌ തലയിൽ വച്ച്‌ തേക്കിൻകാട്‌ മൈതാനിയിലൂടെ നടന്നു പോകുന്ന വിദ്യാർഥികൾ /ഫോട്ടോ: ഡിവിറ്റ്‌ പോൾ

വെബ് ഡെസ്ക്

Published on Feb 12, 2026, 12:15 AM | 1 min read

തൃശൂർ

ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവുംവരാനുള്ള സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വേണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.

നേരിട്ട്‌ 
വെയിലേൽക്കരുത്‌

പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കാതെ ശ്രദ്ധിക്കണം. വെയിലത്ത്‌ നടക്കേണ്ടിവരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തുപോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളംനിറമുള്ള പരുത്തി വസ്‌ത്രങ്ങൾ ഉപയോഗിക്കണം. കൈകാലുകളും മുഖവും ഇടയ്ക്ക്‌ ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികൾ, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖങ്ങൾ കാരണം ക്ഷീണമനുഭവിക്കുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

കുടിവെള്ളം കരുതാം

പുറത്തു പോകുമ്പോൾ എപ്പോഴും കുടിവെള്ളം കരുതണം. ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം. ശാരീരിക അധ്വാനമനുസരിച്ചും വിയർപ്പിനനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും, പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കാം. 

ഇവ ശ്രദ്ധിക്കാം

ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കൽ, വേദന, പൊള്ളൽ, തൊലിപ്പുറത്ത് കുരുക്കൾ ഉണ്ടാവുക, പേശീവലിവ്, ഓക്കാനം, ഛർദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ സൂര്യാതപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം. ഇവ ഉണ്ടായാൽ അടിയന്തരമായി വൈദ്യസഹായം തേടണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home