വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി
യുവാവിനെ ഉപദേശിച്ച് താഴെയിറക്കി പള്ളി വികാരി

ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവുമായി ഫാ. ജോൺസൺ പങ്കേത്ത് സംസാരിക്കുന്നു
ചാലക്കുടി
പള്ളിയിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അടുത്തെത്തി സമാധാനിപ്പിച്ച് താഴെയിറക്കി പള്ളി വികാരി. ചൊവ്വ രാവിലെ 10.30ഓടെ സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർഥാടന കേന്ദ്രത്തിലാണ് നാടകീയ രംഗങ്ങൾ നടന്നത്. ചേർത്തല സ്വദേശിയായ യുവാവാണ് പള്ളിയുടെ വാട്ടർടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബഹളംകേട്ട് നാട്ടുകാരും വിശ്വാസികളും തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. രൂപതയുടെ യോഗത്തിൽ പങ്കെടുക്കാൻ പോയ വികാരി ഫാ. ജോൺസൺ പങ്കേത്ത് വിവരമറിഞ്ഞ് പള്ളിയിൽ തിരിച്ചെത്തി ടെറസിന് മുകളിലെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ആദ്യം വഴങ്ങിയില്ലെങ്കിലും വികാരിയുടെ സ്നേഹത്തോടെയുള്ള ഉപദേശങ്ങൾക്ക് മുന്നിൽ യുവാവ് കീഴടങ്ങി. മണിക്കൂറുകളോളം നാടിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ യുവാവ് പിന്നീട് വികാരിയുടെ കൈപിടിച്ച് താഴെയിറങ്ങി. തുടർന്ന് യുവാവിനെ പൊലീസിന് കൈമാറി. ചേർത്തല സ്വദേശി പ്രിൻസ് (42) ആ ണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എ ന്നാൽ ഇയാൾ എങ്ങനെ ഇവിടെയെത്തിയെന്നത് വ്യക്തമല്ല. പള്ളിയോട് ചേർന്നുള്ള പുഴക്കടവിൽ ഒളിഞ്ഞിരുന്ന യുവാവ് പള്ളിയിലെത്തി വാട്ടർ ടാങ്കിന് മുകളിൽ കയറുകയായിരുന്നുവെന്നും പറയുന്നു









0 comments