വീണ്ടും വിസിൽ മുഴങ്ങുമോ, തൃശൂരിന്റെ ചാക്കോളാസ് ട്രോഫിക്ക്

ചാക്കോള ട്രോഫി
സി എ പ്രേമചന്ദ്രൻ
Published on May 25, 2026, 12:15 AM | 1 min read
തൃശൂർ
ലോകകപ്പ് ആരവങ്ങൾക്ക് നാട് കാതോർക്കെ തൃശൂരിലെ ഫുട്‌ബോൾ പ്രേമികൾ ചാക്കോളാസ് ട്രോഫിയുടെ വിസിൽ മുഴക്കത്തിന് കാതോർക്കുകയാണ്. ഗാലറികളെ ഇളക്കിമിറച്ച ചാക്കോളാസ് ഗോൾഡ് ട്രോഫി ടൂർണമെന്റിന്റെ ഇരമ്പൽ പഴമക്കാരുടെ മനസ്സിൽ ഇന്നുമുണ്ട്. 1955 മുതൽ 1984 വരെയാണ് ചാക്കോള ഫുട്ബോൾ മത്സരം തൃശൂരിനെ ഇളക്കിമറിച്ചത്. പല കാരണങ്ങൾമൂലം ഫുട്‌ബോൾ വസന്തത്തിന് ലോങ് വിസിൽ മുഴങ്ങുകയായിരുന്നു. നിരവധി ശ്രമങ്ങളുണ്ടായെങ്കിലും മത്സരം പുനരാരംഭിക്കാനായില്ല. 135 പവന്റെ ഏഷ്യയിലെ ഏറ്റവും വലിയ സ്വർണക്കപ്പായ ചാക്കോളാസ് ട്രോഫി ഇനിയും വിജയികളെ കാത്തിരിക്കയാണ്. തൃശൂരിന്റെ പൗര പ്രമുഖരാണ് ചാക്കോളാസ് ഫുട്ബോൾ മത്സരത്തിന് മുൻകൈയെടുത്തത്. പ്രമുഖ വ്യാപാരി കുടുംബമായ ചാക്കോള പാലു ബ്രദേഴ്‌സിലെ പാലു ലോനയാണ് സ്വർണക്കപ്പ് സംഭാവന ചെയ്തത്. തൃശൂർ സെൻട്രൽ ഹോട്ടല്‍ ഉടമയായിരുന്ന വിദേശി വില്യം സായിപ്പ് തന്റെ ഹോട്ടലിലെ മുറികള്‍ ഫുട്ബോൾ കമ്മിറ്റിക്കാർക്ക് തുറന്നുകൊടുത്തു. റിട്ട. പൊലീസ് ഐജി എൻ ആർ ശ്രീനിവാസ അയ്യർ, മുനിസിപ്പൽ ചെർമാനായിരുന്ന സി എം ജോസഫ്, ഡോ. ഇമ്മട്ടി ലോനപ്പൻ, എൻ ഡി ജോർജ്, എം കെ സ്റ്റീഫൻ, ഇ ഡി കുഞ്ഞുവറീത്, വി പി ജോൺ തുടങ്ങിയവരായിരുന്നു സംഘാടകര്‍. ഇന്ത്യയിലെ പ്രമുഖ ടീമുകളായിരുന്ന ബംഗാളിലെ ടീമുകൾ, മിലിട്ടറി ടീമുകൾ, ബോംബെ മഫത് ലാൽ, ടാറ്റ, എംആർസി വെല്ലിങ്ടൺ, എം ഇ ജി സെക്കന്തരാബാദ് തുടങ്ങിയ പ്രമുഖരുടെ കളികൾ തൃശൂർക്കാര്‍ക്ക് ഹരമായി. ഗ്ലോബ് സ്‌പോർട്‌സ് ക്ലബ് ബോംബെയാണ് ആദ്യ ജേതാക്കൾ. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം ക്ലബ് അവസാന ജേതാക്കളും. സമീപ ജില്ലകളിൽ നിന്നടക്കം ആയിരങ്ങളാണ് കളികാണാൻ തൃശൂരിലെത്തിയിരുന്നത്. 1884ലാണ് മത്സരത്തിന് ലോങ് വിസിൽ മുഴങ്ങിയത്. തുടർന്ന് ചാക്കോളാസ് കുടുംബം സ്വർണക്കപ്പ് ബാങ്ക് ലോക്കറിലാക്കി. മത്സരം പുനരാരംഭിക്കണമെന്ന് വിക്ടർ മഞ്ഞില, ഐ എം വിജയൻ, സി വി പാപ്പച്ചൻ തുടങ്ങിയ ഫുട്‌ബോൾ താരങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.










0 comments