ad
Deshabhimani

ഇന്ന്‌ വായനാദിനം

എഴുത്താണ്‌ ആയുധം

.
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

ഇരിങ്ങാലക്കുട

സൈനിക സേവനം എഴുത്തിന്‌ തടസ്സമായപ്പോൾ വിങ്‌ കമാൻഡൻ എം കെ ദേവീദാസന്‌ മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല. 49–ാം വയസ്സിൽ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്പോൾ പടിയിറങ്ങി. 1991 മേയിൽ തിരയടങ്ങാത്ത മനസ്സുമായി എയർ കമോഡോറുടെ മേശപ്പുറത്തേക്ക് രാജിക്കത്തടങ്ങിയ കവർ നീക്കിവയ്ക്കുമ്പോൾ ഇരിങ്ങാലക്കുടക്കാരൻ എം കെ ദേവീദാസന്റെ തീരുമാനം ഉരുക്കുപോലെ ഉറച്ചതായിരുന്നു..... കുറേ എഴുതണം, അതിലേറെ വായിക്കണം. അക്ഷരങ്ങളുടെ അനന്തമായ സ്വാതന്ത്യത്തിലേക്ക് നടന്നുകയറിയപ്പോൾ, ആ പടിയിറക്കം വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. 84 വയസ്സുപിന്നിട്ട അദ്ദേഹം 50 ഫിക്‌ഷൻ ഉൾപ്പെടെ 162 പുസ്‌തകങ്ങളാണ്‌ രചിച്ചത്‌. രാജിവെച്ച അതേവർഷം ആദ്യ നോവൽ ‘ഹെർ മിസറീസ്’ കൊൽക്കത്തയിലെ പ്രശസ്‌തമായ ‘റൈറ്റേഴ്‌സ് വർക്‌ഷോപ്പ്‌' പുറത്തിറക്കി. അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്‌സിറ്റി ആ കൃതി ഡിജിറ്റലൈസ് ചെയ്തു. ‘മൈ എയർഫോഴ്സ്‌ ഡെയ്‌സ്', ‘35 ഡേയ്‌സ് ഓൺ എനിമി സോയിൽ' എന്നീ പുസ്‌തകങ്ങൾ എയർഫോഴ്‌സ് കാലത്തെ അനുഭവകഥയാണ്. ‘ഇൻ സേർച്ച് ഓഫ് ഹാപ്പിനെസ് ഇൻ മാരിയേജ്' എന്ന എന്ന പുസ്‌തകത്തിന് 2023 ലെ ‘ഗോൾഡൻ ബുക്ക് പുരസ്‌കാരം' ലഭിച്ചു. 1959ൽ കരുപ്പടന്ന ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്പോഴാണ്‌ ആനുകാലികത്തിൽ ആദ്യ കഥ അച്ചടിച്ചുവന്നത്‌. 1995ൽ അദ്ദേഹം രചിച്ച 'കുരുത്തോലത്തുമ്പികൾ' എന്ന പരമ്പര ദൂരദർശനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ‘കൃഷ്ണ കൃപാസാഗരം' എന്ന സിനിമയും നിർമിച്ചു. പഠനകാലത്ത്‌ എഴുതിയ നാടകവുമായി കൊടുങ്ങല്ലൂരിൽ കവി പി ഭാസ്കരനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അമ്പലത്തിന് തെക്കുവശത്തുള്ള ടാഗോർ നൃത്തകലാകേന്ദ്രത്തിൽ കൊടുത്തു. അവർക്കത് ഇഷ്‌ടപ്പെടുകയും നാടകം അരങ്ങേറുകയും ചെയ്‌തു. 1995ൽ അദ്ദേഹം രൂപീകരിച്ച ‘രാജീവ് ഗാന്ധി എഡ്യൂക്കേഷൻ ഫൗണ്ടേഷനിലൂടെ ഇന്ത്യയൊട്ടാകെ രണ്ട് ലക്ഷത്തോളം പേർക്ക് സൗജന്യ കംപ്യൂട്ടർ വിദ്യാഭ്യാസം നൽകി. വ്യോമസേനയിൽ വയർലെസ് ഓപ്പറേറ്ററായിട്ടായിരുന്നു തുടക്കം. 1971, 62, 65 യുദ്ധങ്ങളിലും പങ്കെടുത്തു. 1985 ആഗസ്‌തിലാണ്‌ വിങ് കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home