തൃശൂർ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി
താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കനത്ത മഴയിൽ ശക്തൻ നഗറിൽ വെള്ളം കയറിയപ്പോൾ
തൃശൂർ
ആർത്തലച്ചു പെയ്‌ത മഴയിൽ ശനിയാഴ്‌ച തൃശൂർ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. എം ജി റോഡ്, സെന്റ് തോമസ് കോളേജ് റോഡ്, സ്വരാജ് റൗണ്ട്, മുണ്ടുപാലം ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു. രാവിലെയും വൈകിട്ടുമാണ് കുരുക്ക് കൂടുതൽ. മഴ ആരംഭിച്ചതിനാൽ റോഡുകളിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞതും യാത്രാദുരിതം ഇരട്ടിയാക്കി. നഗരം താണ്ടണമെങ്കിൽ മണിക്കൂറുകൾ വേണ്ട അവസ്ഥയാണ്. റോഡിലെ കുഴികളിൽ കുടുങ്ങി അപകടങ്ങൾ പതിവാണ്. അപകട പരമ്പരകളുണ്ടായിട്ടും പരിഹാര നടപടികൾക്ക് കോർപറേഷനും പൊലീസും തയ്യാറല്ല. മഴ കനത്തതോടെ എംജി റോഡിലും സ്വരാജ് റൗണ്ടിലും തൃശൂർ മുണ്ടുപാലം ജങ്ഷനിലും ഭൂരിഭാഗം സമയങ്ങളിലും കുരുക്കാണ്. ശനിയാഴ്‌ച നിമിഷനേരംകൊണ്ട് റോഡുകളും കാനകളും നിറഞ്ഞ് കവിഞ്ഞ് താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. സ്വരാജ് റൗണ്ടും 19 ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. കുറുപ്പം റോഡ് ചെട്ടിയങ്ങാടി ജങ്‌ഷൻ പൂർണമായും വെള്ളത്തിനടിയിലായി. പെരിങ്ങാവ്, മയിലിപ്പാടം, ചെമ്പൂക്കാവ്, വിയ്യൂർ, മിഷൻ ക്വാർട്ടേഴ്‌സ്, എംജി റോഡ്, എംഒ റോഡ്, ജനറൽ ആശുപത്രി ജങ്ഷൻ, വടക്കേ സ്‌റ്റാൻഡ്, ശക്തൻ ബസ്‌സ്‌റ്റാൻഡ്, ശക്തൻമാർക്കറ്റ്, സെന്റ് തോമസ് കോളേജ് റോഡ്, പൂങ്കുന്നം എ കെ ജി നഗർ, കുട്ടൻകുളങ്ങര ഹരിനഗർ, ലെനിൻ നഗർ തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. മണ്ണുത്തി ഒല്ലൂക്കര പെട്രോൾ പമ്പിനടുത്ത് ബ്രദേഴ്സ് ലെയ്‌ൻ പ്രദേശത്തും വീടുകളിലും വെള്ളം കയറി. വീട്ടുകാരെ കാളത്തോട് സ്‌കൂളിലെ ക്യാന്പുകളിലേക്ക് മാറ്റി. കൺട്രോൾ റൂം തുറന്നു തൃശൂർ കോർപറേഷനിൽ കൺട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ഹെൽപ്പ് ലൈൻ നന്പർ: 0487 2422020, 8078011505.










0 comments