ചായങ്ങള്‍ റെഡി; ഇനി പുലിവര

ജിബിന സാഗരന്‍
Published on Sep 08, 2025, 12:14 AM | 1 min read
തൃശൂർ
വരയന്‍ പുലി... പുള്ളിപ്പുലി... കരിമ്പുലി... പെണ്‍പുലി.... കുട്ടിപ്പുലി... പുലി ഏതുമാകട്ടെ, പുലിവരയ്ക്കുള്ള ചായങ്ങളെല്ലാം റെഡി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ പുലിവരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പകല്‍ 11ഓടെ വര തുടങ്ങും. ഞായറാഴ്ച രാവിലെയോടെ പുലിമടകളില്‍ പുലിവരയ്ക്കുള്ള ചായം തയ്യാറാക്കാന്‍ തുടങ്ങി. ഭൂരിഭാഗം പുലിമടകളിലും ഓക്സൈഡ് പൗഡര്‍ അരച്ചെടുത്താണ് നിറക്കൂട്ട് തയ്യാറാക്കിയത്. ഒരേ സമയം പത്തിലധികം പേര്‍ ഇരുന്ന് അമ്മിയില്‍ നിറങ്ങള്‍ അരച്ചെടുക്കുകയായിരുന്നു. പൊടി അരച്ച് കുഴമ്പുരൂപത്തിലാക്കും. ഇതില്‍ നിന്നും തരിയും കട്ടയും ഒഴിവാക്കും. ഒഴുക്കോടെയുള്ള വരയ്ക്ക് തരിയും കട്ടയും തടസ്സം സൃഷ്ടിക്കും. അതിനാല്‍ വളരെ സൂക്ഷ്മമായാണ് ചായം ഉണ്ടാക്കുന്നത്. വെള്ള, ഗോള്‍ഡന്‍ മഞ്ഞ, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളാണ് പ്രധാനമായും അരച്ചെടുക്കുക. ഈ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മറ്റുനിറങ്ങളുമുണ്ടാക്കും. ഒമ്പത് മുതല്‍ 12 മണിക്കൂര്‍ വേണം നിറങ്ങളുണ്ടാക്കാന്‍. വിയ്യൂര്‍ ദേശം ഓക്സൈഡ് പൗഡറിനൊപ്പം വിദേശത്ത് നിന്ന് ഇറക്കുമതിചെയ്ത മെക്കാലക് പെയിന്റും പുലിവരയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നീല, വെള്ള, പച്ച നിറങ്ങളിലുള്ള മെക്കാലിക് പെയിന്റാണ് ഉപയോഗിക്കുന്നത്. ഓക്സൈഡ് പൗഡര്‍ ഉപയോഗിച്ചുണ്ടാക്കുന്ന നിറങ്ങളെ അപേക്ഷിച്ച് മെക്കാലിക് പെയിന്റിന് കടുപ്പവും തിളക്കവും കുടൂതലാണ്. ആദ്യകാലത്ത് ഇലകള്‍ അരച്ചും മണ്ണെണ്ണ വിളക്ക് കത്തിച്ചുണ്ടാക്കുന്ന കരിയെടുത്തുമാണ് നിറങ്ങളുണ്ടാക്കിയിരുന്നത്. പുലികളിക്കുശേഷം മണ്ണെണ്ണ ഉപയോഗിച്ചാണ് ശരീരത്തില്‍ നിന്ന് നിറങ്ങള്‍ മായ്ച്ച് കളയുന്നത്. ഇത്തവണ പുലിവരയ്ക്കും തൃശൂര്‍ കോര്‍പറേഷന്‍ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായി 12,500 രൂപയും രണ്ടാം സമ്മാനമായി 9,375 രൂപയും മൂന്നാം സ്ഥാനമായി 6,250 രൂപയും നല്‍കും. ചായങ്ങള്‍ മായ്ക്കാനായി ഓരോ സംഘത്തിനും കോര്‍പറേഷന്‍ 120 ലിറ്റര്‍ മണ്ണെണ്ണയും നല്‍കുന്നുണ്ട്.










0 comments