ad
Deshabhimani

ഇലഞ്ഞി പൂക്കും മേളപ്പെയ്ത്ത്

പാറമേക്കാവ്‌ വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളം                                                             / ഫോട്ടോ: ഡിവിറ്റ്‌ പോൾ

പാറമേക്കാവ്‌ വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളം / ഫോട്ടോ: ഡിവിറ്റ്‌ പോൾ

avatar
സി എ പ്രേമചന്ദ്രൻ

Published on Apr 27, 2026, 12:15 AM | 1 min read


തൃശൂർ

മേട സൂര്യന്റെ കനലെരിയും ചൂടിനും പൂരാവേശത്തിനെ തടയിടാനായില്ല. ഇലഞ്ഞിച്ചോട്ടിൽ ചെണ്ടക്കോലുകൾ ഒന്നിച്ചു പതിച്ചു. മുന്നൂറോളം കലാകാരർക്ക്‌ ഒറ്റത്താളം. ഒരേ വികാരം. കൊമ്പിനും കുഴലിനും താളത്തിനുമൊപ്പം പാണ്ടിയുടെ സർവസൗന്ദര്യം പുറത്തെടുത്തപ്പോൾ ആയിരമായിരം കൈകൾ ആകാശത്തേക്കുയർന്നു. കിഴക്കൂട്ട്‌ അനിയൻമാരാരും സംഘവും തീർത്ത ഇലഞ്ഞിത്തറമേളം മതിൽക്കെട്ടുകൾ തകർത്ത്‌ പുറംലോകത്തേക്ക്‌ കടന്നു. ഈ സമയം കൊടുങ്കാറ്റ് നിശ്ചലമായപോലെ കലാശം. പൂര വിസ്മയങ്ങളിൽ ജനതയൊന്നാകെ ലയിച്ചു. ഇ‍ൗ വർഷം കൊന്പൻ തൃക്കടവൂർ ശിവരാജുവിന്റെ പുറത്ത് തിടമ്പേറ്റി പാറമേക്കാവ് ഭഗവതി പകൽ പന്ത്രണ്ടോടെ പുറത്തേക്ക് എഴുന്നള്ളി. കിഴക്കൂട്ടിന്റെ പ്രമാണ്യത്തിൽ തുടങ്ങിയ ചെമ്പടമേളം ആയിരങ്ങൾ ഏറ്റുവാങ്ങി. മിനി കുടമാറ്റത്തിനുശേഷം ഇലഞ്ഞിത്തറയിലേക്ക് സഞ്ചാരം. ഇലഞ്ഞിത്തറയിൽ എത്തിയതോടെ പതിനാല് അക്ഷരകാലത്തിൽ അടിച്ചുകലാശം, എടുത്തു കലാശം, തകൃത തകൃത, മുട്ടിൻമേൽ ഇരുത്തിയ കലാശങ്ങൾ എന്നിങ്ങനെ മേളം മുറുകി. തുടർന്ന്‌ ഏഴ്‌ അക്ഷരകാലത്തിൽ തകൃത തകൃതയിൽ പാണ്ടിയുടെ വന്യതാളം. തുടർന്ന്‌ കുഴമറിഞ്ഞ്‌ കൊട്ടിക്കലാശം. രണ്ടര മണിക്കൂർ മേളം കൊട്ടിക്കയറിയപ്പോൾ ആ ലോകോത്തര സിംഫണിയിൽ ജനം അലിഞ്ഞു. 36 വർഷം പാറമേക്കാവിന്റെ മേളനിരയിലുണ്ടായിരുന്ന കിഴക്കൂട്ട്‌ അനിയൻമാരാർ 2011 മുതൽ തിരുവന്പാടി മേളപ്രമാണിയായിരുന്നു. 2023മുതൽ പാറമേക്കാവ്‌ മേളപ്രമാണിയാണ്‌. കിഴക്കൂട്ടിന്‌ വലത്ത്‌ പെരുവനം സതീശൻ മാരാരും ഇടത്ത്‌ പഴുവിൽ രഘുമാരാരും നിന്നു. കുറുംകുഴൽ കീഴൂട്ട്‌ നന്ദനും കൊന്പ്‌ മച്ചാട്‌ രാമചന്ദ്രനും താളം കുമ്മത്ത്‌ നന്ദനനും വലംതല പെരുവനം ഗോപാലകൃഷ്‌ണനും പ്രമാണിയായി. ദേവസ്വം മന്ത്രി വി എൻ വാസവൻ ഇലഞ്ഞിത്തറ മേളം കാണാനെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home