ദേശീയപാത അതോറിറ്റിയെ പ്രതിക്കൂട്ടിലാക്കി റിപ്പോര്‍ട്ട്
മുന്നറിയിപ്പ് അവഗണിച്ചു

സ്വന്തം ലേഖകൻ
ചേര്‍ത്തല
ദേശീയപാതയിൽ 11–ാം മൈൽ ജങ്‌ഷന് സമീപം അഗാധഗര്‍ത്തം രൂപപ്പെട്ടതിൽ ദേശീയപാത അതോറിറ്റിയെ പ്രതിക്കൂട്ടിലാക്കി വിവിധ വകുപ്പുകൾ കലക്‌ടർക്ക് റിപ്പോർട്ട് നൽകി. നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടകാരണമെന്ന് ജല അതോറിറ്റി റിപ്പോർട്ടിലുണ്ട്. ഗര്‍ത്തമുണ്ടായ ഭാഗത്ത് സുരക്ഷാ പരിശോധന അനിവാര്യമെന്നാണ് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്. റോഡിനടിയിലൂടെ പോകുന്ന കുടിവെള്ളക്കുഴല്‍ മാറ്റാതെ പുനർനിർമാണം നടത്തിയതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ജല അതോറിട്ടി എക്‌സിക്യൂട്ടിവ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കുഴൽ മാറ്റിസ്ഥാപിക്കാന്‍ മൂന്ന് വര്‍ഷത്തിനുള്ളിൽ പലകുറി ആവശ്യപ്പെട്ടതാണ്. 11–ാം മൈൽ ഭാഗത്ത് മേല്‍പ്പാത നിര്‍മാണഘട്ടത്തിലും ആവശ്യം ആവർത്തിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പാതയ്‌ക്കടിയിലൂടെ കുഴൽ പോകുന്ന മറ്റിടങ്ങളിലും സമാന അപകടസാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു. ഇനിയും റോഡ് ഇടിയാൻ സാധ്യത 11–ാം മൈലിൽ ഗർത്തം രൂപപ്പെട്ടയിടത്ത് ഇനിയും റോഡ് ഇടിയാൻ സാധ്യതയുണ്ടെന്ന് പൊതുമരാമത്ത്(നിരത്ത് വിഭാഗം) എക്‌സിക്യൂട്ടിവ് എൻജിനിയറുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സ്ഥലത്ത് റോഡിന്റെ സുരക്ഷ പരിശോധിക്കണം. സുരക്ഷാ പരിശോധനയും പുനര്‍നിര്‍മാണവും പൂര്‍ത്തിയാക്കി മാത്രമേ ഗതാഗതം പുനരാരംഭിക്കാവൂവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 30-ന് വൈകിട്ടാണ് മേൽപ്പാതയില്‍ 10 അടിയോളം ആഴത്തിലും നാല് മീറ്ററോളം വ്യാസത്തിലും ഗർത്തം രൂപപ്പെട്ടത്. പാതയുടെ ഉപരിതലം ആഴത്തിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ കുടിവെള്ള പദ്ധതിയുടെ കുഴൽ അടുത്തിടെ തകർന്ന് തീവ്രശക്തിയോടെ വെള്ളം കുത്തിയൊഴുകിയിരുന്നു. അടിത്തട്ടിലെ മണ്ണ് റോഡിനരികിലേക്ക് വൻതോതിൽ ഒഴുകി. പൂഴിയും മെറ്റലും ഉപയോഗിച്ച് ബലപ്പെടുത്തി ടാർചെയ്‌ത ഉപരിതലം മാത്രമാണ് റോഡിൽ ശേഷിച്ചതെന്ന് അപകടത്തോടെ വ്യക്തമായി. അടിത്തട്ട് പൊള്ളയുമായിരുന്നു.











0 comments