ad
Deshabhimani

 വീണ്ടും എലിപ്പനി മരണം

ഡെങ്കി, മലേറിയ വ്യാപനം രൂക്ഷം

fever
വെബ് ഡെസ്ക്

Published on Jul 03, 2026, 02:45 AM | 1 min read

കൊച്ചി


കൊതുകുജന്യരോഗങ്ങളായ വെസ്റ്റ് നൈല്‍ പനി, ഡെങ്കി എന്നിവയ്ക്കു പിന്നാലെ ജില്ലയില്‍ മലേറിയയും വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. വെസ്റ്റ് നൈല്‍, ഡെങ്കി എന്നിവ ബാധിച്ച് ജൂണില്‍ നാലുപേര്‍ മരിച്ചിരുന്നു. കാലടിയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒക്കലിലും രോഗബാധയുണ്ടായി.​ ഏലൂരിൽ എലിപ്പനി ബാധിച്ച്‌ ഒരാൾകൂടി മരിച്ചു.


sinkaranഎലിപ്പനി ബാധിച്ച് മരിച്ച എ കെ 
ശിങ്കാരൻ


സൂക്ഷിക്കണം 
കൊതുക് കടി


പരാന്നഭോജി സൂക്ഷ്മാണുക്കൾമൂലം മനുഷ്യരില്‍ പടരുന്ന രോഗമാണ് മലേറിയ (മലമ്പനി). അനോഫിലിസ് പെൺകൊതുകുകളാണ് രോഗവാഹകര്‍. പ്ലാസ്മോഡിയം വിഭാഗം പരാന്നഭോജികളാണ് മലേറിയയ്ക്ക് കാരണമാകുന്നത്. രോഗിയായ ഒരാളെ കൊതുക് കടിക്കുമ്പോള്‍ രോഗകാരണമായ സൂക്ഷ്മാണുക്കള്‍ കൊതുകിലേക്ക് പ്രവേശിക്കും. മറ്റൊരാളെ കടിക്കുമ്പോള്‍ അയാളിലേക്ക് രോഗം പകരും. കടുത്ത വിറയല്‍, തണുപ്പ്, ഉയര്‍ന്ന പനി, ഛർദ്ദി, പേശിവേദന എന്നിവയാണ് പ്രധാനലക്ഷണം. രോഗം കടുത്താല്‍ മഞ്ഞപ്പിത്തം, ശ്വാസതടസ്സം, വിളർച്ച, അപസ്മാരം എന്നിവയും ഉണ്ടാകാം. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം.


പടരുന്നു പനിയും ഡെങ്കിയും


ജില്ലയില്‍ 888 പേര്‍ പുതിയതായി പനിബാധിതരായി. വ്യാഴാഴ്ച 23 പേര്‍ക്ക് ഡെങ്കിയും ബാധിച്ചു. കളമശേരി, കീഴ്മാട്, വടക്കന്‍ പറവൂര്‍, വെണ്ണല, ചൊവ്വര, കടവന്ത്ര, ചൂര്‍ണിക്കര, തേവര, വടവുകോട്, ഇടപ്പള്ളി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഡെങ്കി ബാധിച്ചത്. 276 പേര്‍ക്ക് വയറിളക്കരോഗങ്ങളും ബാധിച്ചു.


വീണ്ടും 
എലിപ്പനി മരണം


കളമശേരി​


ജില്ലയില്‍ എലിപ്പനി ബാധിതനായി ഒരാള്‍കൂടി മരിച്ചു. ഏലൂർ നഗരസഭ കഴിക്കണ്ടം വാർഡിൽ ശാരദാ മന്ദിരത്തിൽ എ കെ ശിങ്കാരനാണ്‌ (64) മരിച്ചത്.


കഴിഞ്ഞദിവസം പനിയെ തുടർന്ന് ഇദ്ദേഹം ഏലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തി. പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിച്ചു. ഇഎസ്ഐ ആനുകൂല്യങ്ങളുള്ളതിനാൽ പാതാളം ഇഎസ്ഐസി ആശുപത്രിയിൽ ചികിത്സ തേടി.


രോഗം മൂർച്ഛിച്ചതോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴം രാവിലെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാഗിണി. മക്കൾ: ശ്രീഹരി, ശ്രീശാന്ത്, ശ്രീലക്ഷ്മി.

ജൂണ്‍ 9, 20, 25 തീയതികളില്‍ കുമ്പളങ്ങി, എരൂര്‍, കരുമാല്ലൂര്‍ എന്നിവിടങ്ങളിലായി മൂന്നുപേര്‍ എലിപ്പനിമൂലം മരിച്ചിരുന്നു. തുടര്‍ച്ചയായി എലിപ്പനി മരണങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home