വരവായ് കുമ്മോം കുമ്മോം കുമ്മാട്ടി...

കുമ്മാട്ടി
തൃശൂർ
ഓണനാളുകളിൽ കുമ്മാട്ടിക്കൂട്ടങ്ങൾ തൃശൂരിന്റെ നഗരവീഥികളെ കീഴടക്കും. പച്ച പർപ്പടകപ്പുല്ല് ദേഹത്ത് വരിഞ്ഞുകെട്ടി രൗദ്രമുഖങ്ങൾ ചാർത്തി പൂമാലയണിയണിയും. ഓണവില്ലിന്റെ താളത്തിനൊത്തും ചെണ്ടമേളത്തിനൊപ്പവും കുമ്മാട്ടികൾ ആടിത്തിമിർക്കും. തെരുവോരങ്ങളിലൂടെ നീങ്ങുന്ന കുമ്മാട്ടികളെ ആർപ്പു വിളികളോടെയാണ് ജനങ്ങൾ വരവേൽക്കുക. തൃശൂർ കിഴക്കുംപാട്ടുകരയിലെ തെക്കുമുറി കുമ്മാട്ടിയാണ് പ്രസിദ്ധം. കിഴക്കുംപാട്ടുകര എസ്‌എൻഎ ഔഷധശാലയിലെ കുടുംബ ക്ഷേത്രമായ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രനടയിൽ കുമ്മാട്ടി മുഖം നിരത്തി ഓണവില്ല് കൊട്ടി പാട്ട് പാടിയാണ് തെക്കുമുറിക്കാർ രണ്ടോണനാളിൽ കുമ്മാട്ടികൾ നാട്ടിലിറങ്ങുക. ഉത്രാടം മുതൽ നാലോണം വരെ കുമ്മാട്ടികളിറങ്ങും. കിഴക്കുംപാട്ടുകര വടക്കുമുറി , നായ്‌ക്കനാൽ, നെല്ലങ്കര, വളർക്കാവ്, പുതൂർക്കര, ചേറൂർ എന്നിങ്ങനെയും കുമ്മാട്ടി സംഘങ്ങളുണ്ട്. നാലോണത്തിന് ഉൗരകത്തും കുമ്മാട്ടികളിറങ്ങും. താളബദ്ധവും കാവ്യാത്മകവും ആഖ്യാനസ്വഭാവം പുലർത്തുന്നതുമായ നാടോടി പ്പാട്ടുകളാണ് കുമ്മാട്ടിക്കളിയിലുള്ളത്. ‘ തള്ളേ തള്ളേ എങ്ങട് പോണു എന്ന പാട്ടാണ് ഹിറ്റ്. കള്ളേലിത്തിരി മോന്ത്യാപ്പിന്നെ അമ്മേം പെങ്ങളേം തല്ലാലോ, മുട്ടിനു വെള്ളത്തിൽ മൂന്നാന ചത്തേയ്, ഗോപുരം തിങ്ങി രണ്ടീച്ച ചത്തേയ്, പണ്ടൊരു മുനിവരൻ ഹോമം ചെയ്തു, ഹോമക്കുഴിയിൽ കല്ലമുളച്ചു തുടങ്ങി പാട്ടുകളും ബാലിവധം, ദാരികവധം തുടങ്ങിയ കഥാഗാനങ്ങളും കുമ്മാട്ടിക്കളിയുടെ സംഭാവനകളാണ്. ഓണക്കാലത്ത് മഹാബലി എത്തുമ്പോൾ ഭൂതഗണങ്ങൾ കുമ്മാട്ടികളായി വീടുകളിലെത്തുന്നുവെന്നതാണ് പുരാവൃത്തം. മാവേലിയുടെ മടക്കയാത്രയെ അനുസ്‌മരിക്കുന്ന ചടങ്ങായും അറിയപ്പെടുന്നു. മനുഷ്യകഥാപാത്രങ്ങളും പുരാണകഥാപാത്രങ്ങളും മൃഗകഥാപാത്രങ്ങളും കുമ്മാട്ടിയിലുണ്ടെന്ന് ഡോ. ബി രവികുമാറിന്റെ ലേഖനത്തിൽ പറയുന്നു. ‘തള്ള, ശിവൻ, ബ്രഹ്മാവ്, ശ്രീരാമൻ, കൃഷ്ണൻ, ഗണപതി, കിരാതമൂർത്തി, ഹനുമാൻ, സുഗ്രീവൻ, ബാലി, ദാരികൻ, കാളി, കാട്ടാളൻ, ഗരുഡൻ, അപ്പൂപ്പൻ, സന്യാസി തുടങ്ങിയ പൊയ്മുഖങ്ങളണിഞ്ഞ വേഷങ്ങൾക്കൊപ്പം തെയ്യമുഖവും പുലിമുഖവും കാളമുഖവും കുമ്മാട്ടികൾ അണിയാറുണ്ട്. ശരീരം മുഴുവൻ കുമ്മാട്ടിപ്പുല്ലും അപൂർവമായി വാഴയിലയും വച്ചുകെട്ടിയശേഷമാണ് പൊയ്മുഖങ്ങളണിയുന്നത്. പ്രത്യേക രീതിയിൽ പുല്ല് പിരിച്ച് കാഞ്ഞിരവള്ളി ഉപയോഗിച്ച് ശരീരത്തോടു ചേർത്തുകെട്ടും. ആദ്യകാലത്ത് പാളയിലെഴുതിയ മുഖമറകളായിരുന്നു. പിന്നീട് നാകത്തകിടിൽ അടിച്ചെടുത്ത പൊയ്മുഖങ്ങളായി. ഇന്ന് പ്ലാവിലും കുമിളിലും കൊത്തിയെടുത്ത് നിറങ്ങളെഴുതിയ പൊയ്മുഖങ്ങളാണുള്ളതെന്നും രവികുമാറിന്റെ ലേഖനങ്ങളിലുണ്ട്.









0 comments