ഗുരുവായൂരിൽ ഉത്രാട കാഴ്‌ചക്കുല സമർപ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകാഴ്ചക്കുല സമര്‍പ്പണത്തിന് തുടക്കം കുറിച്ച് മേല്‍ശാന്തി തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കുന്നു
ഗുരുവായൂർ
ഉപാധിരഹിത പാട്ടകൃഷിയുടെ ആത്മബന്ധത്തിന്റെ ഓര്‍മയില്‍ കാര്‍ഷിക സമൃദ്ധിയുടേയും സ്മരണകളുമായി ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു. കാഴ്ചക്കുലസമർപ്പണത്തിനായി ചൊവ്വാഴ്ച ചെങ്ങാലിക്കോടന്‍ പഴക്കുലയുമേന്തി വൻ ജനാവലി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. രാവിലെ ശീവേലിക്ക് ശേഷം ഏഴേ കാലോടെ സ്വർണക്കൊടിമരത്തിന് സമീപം മേൽശാന്തി തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം മന്ത്രി കെ മുരളീധരൻ, ചെയർമാൻ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായർ, എം യു ഷിനിജ, കലക്ടർ ശിഖ സുരേന്ദ്രൻ , അഡ്മിനിസ്ട്രേറ്റർ എസ് ഹരി ഗോപാൽ, ക്ഷേത്രം ഡിഎ എം രാധ, ഭരണ വിഭാഗം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിനുപേര്‍ കാഴ്ചക്കുല സമർപ്പിച്ചു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ കാഴ്ചക്കുല സമർപ്പണം തുടർന്നു. ക്ഷേത്രത്തില്‍ സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരുവിഹിതം ഗുരുവായൂർ ക്ഷേത്രത്തിലെ ആനകൾക്കും ഒരു ഭാഗം ബുധനാഴ്ച തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴപ്രഥമനും ഉപയോഗിക്കും. ബാക്കി വന്ന കുലകൾ ക്ഷേത്രത്തിന് പുറത്തുവെച്ച് ലേലംചെയ്തു. മുന്‍കാലങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രം ഭൂമിയില്‍ കൃഷിചെയ്തിരുന്ന കര്‍ഷകര്‍ക്ക് പാട്ടമായി കൃഷി ഉല്‍പ്പന്നങ്ങളോ പണമോ നല്‍കണമെന്ന കടുപിടുത്തം ഉണ്ടായിരുന്നില്ല. ക്ഷേത്രത്തില്‍ വിളവെടുപ്പിന്റെ സന്തോഷപ്രകടനമായി ഉത്രാട നാളില്‍ അവര്‍ക്കിഷ്ടമുള്ളത് പാട്ടമായി നല്‍കുന്നതായിരുന്നു പതിവ്. മിക്കവരും പാട്ടമായി നല്‍കുന്നു എന്ന വിശ്വാസത്തില്‍ നേന്ത്രപ്പഴക്കുലകള്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് പാട്ട വ്യവസ്ഥയും പാട്ട ഭൂമികളും ഇല്ലാതായതോടെ പാട്ടക്കുലകള്‍ എന്നത് കാഴ്ചക്കുല സമര്‍പ്പണമായി. ദർശനത്തിനും ചൊവ്വാഴ്ച അഭൂതപൂർവമായ തിരക്കായിരുന്നു ഗുരുവായൂരിൽ. തിരുവോണദിനമായ ബുധനാഴ്ച ക്ഷേത്രത്തിൽ മൂന്നുനേരം മൂന്നാനകളോടേയുള്ള കാഴ്ച ശീവേലിയുമുണ്ടാകും. .ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ തിരുവോണസദ്യയാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്.









0 comments