ജൈവവൈവിധ്യത്തിന് സംരക്ഷണം
52.30 ഏക്കറിൽ 214 പച്ചത്തുരുത്ത്

എളവള്ളി പഞ്ചായത്തിൽ ഒരുക്കിയ പച്ചത്തുരുത്ത്
കെ എ നിധിൻ നാഥ് [email protected]
Published on Sep 12, 2025, 12:48 AM | 1 min read
തൃശൂർ
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരുക്കിയത് 52.30 ഏക്കറിലായി 214 പച്ചത്തുരുത്തുകൾ. തൊഴിലുറപ്പ് പദ്ധതികളുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളിൽ 301.15 ഏക്കറിൽ 109 പച്ചത്തുരുത്തുകളാണ് ഒരുക്കിയത്. 25 കോളേജുകളിൽ 70.5 ഏക്കർ, 54 സ്‌കൂളുകളിൽ 75.7 ഏക്കർ, 22 സ്ഥാപനങ്ങളിൽ 51.7 ഏക്കർ, ദേവഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി 2.40 ഏക്കറിൽ നാലു പച്ചത്തുരുത്തുകളും സൃഷ്ടിച്ചു. 2019 ജൂണിലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎഫ്‌ആർഐ, ജൈവ വൈവിധ്യ ബോർഡ്, ഔഷധ സസ്യ ബോർഡ് എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎഫ്‌ആർഐ നൽകിയ വംശനാശ ഭീഷണി നേരിടുന്ന കരിമരം, അരയാഞ്ഞിലി, വെള്ളകിൽ, അടയ്ക്ക പൈൻ, കല്ലൻ കൈമരം, ഉണ്ടപ്പൈൻ, വലിയ മരോട്ടി, ആറ്റുവഞ്ചി, ചെറിയ ഉണ്ടപ്പൈൻ, ഏകം, വെള്ളപ്പൈൻ, ചോരപ്പൈൻ, ചെറിയ മരോട്ടി എന്നീ 13 തരം വൃഷത്തൈകളും മുളകളും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അഞ്ച് കോളേജുകളിലായി നട്ടു പരിപാലിക്കുന്നുണ്ട്. മേൽനോട്ടത്തിന് ജില്ലാതല സമിതി പച്ചത്തുരുത്തുകളുടെ പ്രവർത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവർത്തകർ, ജൈവ വൈവിധ്യ മേഖലയിലെ വിദഗ്‌ധർ, വനവൽക്കരണ രംഗത്തെ പരിചയസമ്പന്നർ, കൃഷി വിദഗ്‌ധപോർ, ജനപ്രതിനിധികൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. തൈകൾ കണ്ടെത്തൽ, വൃക്ഷങ്ങളുടെ തിരിച്ചറിയൽ തുടങ്ങിയ പ്രവർത്തനങ്ങളടക്കം പച്ചത്തുരുത്ത് നിർമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത് ഈ സമിതികളാണ്. പ്രാദേശികവും പൊതുജന താൽപര്യവും മണ്ണ് – ജല സവിശേഷതയും പരിഗണിച്ചാണ് തൈകൾ ശേഖരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഭൂഗർഭജലത്തെ വേരുകളിൽ സംഭരിച്ചു നിർത്താൻ സാധിക്കുന്ന തരത്തിലുള്ള കുളവെട്ടി പോലെയുള്ള വൃക്ഷങ്ങളുടെ സംരക്ഷണവും ഏറ്റെടുക്കുന്നുണ്ട്.










0 comments