സ്വപ്-നത്തേരിലേറാൻ ഒരു പാലം

അഴീക്കോട് മുനമ്പം പാലം നിർമ്മാണം
പി വി ബിമൽകുമാർ
Published on Dec 11, 2025, 12:15 AM | 1 min read
കൊടുങ്ങല്ലൂർ
‘ഈ പാലം ഒരു സ്വപ്നസാക്ഷാൽക്കാരമാണ്. എൽഡിഎഫ് സർക്കാർ സഫലമാക്കുന്ന തീരവാസികളുടെ സ്വപ്നം. അത് അവരുടെ ഹൃദയം തൊടുന്നു, വികസനം നെഞ്ചിൽ തൊട്ടറിയുന്നു’. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി കെ ഗംഗാധരൻ പാലം നിർമാണം നേരിൽക്കണ്ട ശേഷമാണ് ഇങ്ങനെ പറഞ്ഞത്. മുസിരിസിന്റെ ഹൃദയ കവാടത്തിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ അഴിക്കോട്–മുനമ്പം പാലം നിർമാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. പാലത്തിനായി കിഫ്ബിയിൽ നിന്ന് സർക്കാർ അനുവദിച്ചത് 164 കോടി രൂപയാണ്. നിർമാണം പൂർത്തിയാകുന്നതോടെ എറണാകുളം, തൃശൂർ ജില്ലകളിലെ തീരദേശത്ത് വികസന രംഗത്തും ടൂറിസം രംഗത്തും വൻ കുതിച്ചുചാട്ടമുണ്ടാകും. ഒപ്പം വടക്കൻ തീരദേശ ജില്ലകളിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന വഴിയായും ഇൗ പാലം മാറും. മുനമ്പം ഹാർബർ, അഴീക്കോട് മിനി ഹാർബർ, പുതുതായി വരുന്ന അഴീക്കോട് ഫിഷ് ലാൻഡിങ് സെന്റർ എന്നിവയുടെ വികസനത്തിനും പാലം സഹായകരമാകും. മീൻപിടിത്ത ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയും വിധമാണ് നിർമാണം. 11 23 മീറ്റർ നീളവും 15.70 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ള പാലത്തിന്റെ ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഒരുക്കും. പാലവുമായി ബന്ധപ്പെട്ട റോഡുകൾക്ക് ഭൂമി ഏറ്റെടുക്കാൻ 14.50 കോടിയും സർക്കാർ അനുവദിച്ചു. പാലം നിർമാണത്തിന് തുടക്കത്തിൽ ഒട്ടേറെ തടസ്സമുണ്ടായി. കേസും നേരിട്ടു. എന്നാൽ നിലവിൽ തടസ്സങ്ങൾ എല്ലാം മറികടന്ന് നിർമാണം മുന്നോട്ടുകുതിക്കുന്നു. സൂപ്പർ സ്ട്രാക്ടർ സെഗ്‌മെന്റൽ ഓട്ടോ ലോഞ്ചിങ് സിസ്റ്റത്തിലൂടെയാണ് നിർമാണം നടക്കുന്നത്. 55.65 മീറ്റർ നീളമുള്ള മെയിൻ സ്ലാബിനെ 18 സെഗ്‌മെന്റലാക്കി നിർമിച്ച് കൊണ്ടുവന്ന് ആധുനിക യന്ത്രസംവിധാനങ്ങളിലൂടെ ഘടിപ്പിക്കും. ഇത് നിർമാണ പ്രവൃത്തിയുടെ വേഗം വർധിപ്പിക്കുന്നതിന് സഹായകരമാകും.










0 comments