കുറിഞ്ഞ്യാക്കൽക്കാരുടെ കണ്ണീർ യുഡിഎഫ് കണ്ടില്ല

അയ്യന്തോളിലെ കുറിഞ്ഞ്യാക്കൽ പാലം
ജോർജ് ജോൺ
Published on Feb 18, 2026, 12:36 AM | 1 min read
തൃശൂർ
കുറിഞ്ഞ്യാക്കൽ പാലത്തിനായി പ്രദേശവാസികളുടെ ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. എൽഡിഎഫ് ഭരണത്തിലാണ് പാലം യാഥാർഥ്യമാക്കിയത്. കാൽനൂറ്റാണ്ട് കാലം 2016വരെ തൃശൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന യുഡിഎഫ് എംഎൽഎ പാലത്തിനായി ഒന്നും ചെയ്‌തിരുന്നില്ലെന്ന് തുരുത്തുനിവാസികൾ പറയുന്നു. അപകട ഭീഷണിയുയർത്തിയിരുന്ന വഞ്ചിക്കടത്ത് ഒഴിവാക്കി 2021ലാണ് പാലം യാഥാർഥ്യമായത്. കുറിഞ്ഞ്യാക്കലിനെ പുതൂർക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. അയ്യന്തോൾ കലക്ടറേറ്റിന് സമീപമാണെങ്കിലും പ്രധാന പാതയിലെത്താൻ വള്ളത്തെയോ പുഴയ്‌ക്കൽ വഴി നാല് കിലോമീറ്റർ റോഡിനെയോ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനാണ് മാറ്റം വന്നത്. തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നതോടൊപ്പം വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഒരു പടികൂടി അടുക്കുകയാണ് കുറിഞ്ഞ്യാക്കൽ. 2016ലെ തെരഞ്ഞെടുപ്പുകാലത്തെ എൽഡിഎഫ് വാഗ്‌ദാനമാണ് 2021ൽ യാഥാർഥ്യമാക്കിയത്. തൃശൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന എംഎൽഎ വി എസ് സുനിൽകുമാറിന്റെ ഇടപെടലിന്റെ ഭാഗമായി കൃഷിവകുപ്പിൽനിന്ന് ആർഐഡിഎഫിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണത്തിനുള്ള തുക അനുവദിച്ചത്. 2018ലാണ് നിർമാണം തുടങ്ങിയത്. 496.79 ലക്ഷം രൂപ വകയിരുത്തി നബാർഡ് ധനസഹായത്തോടെ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണം പൂർത്തീകരിച്ചത്. 5.5 മീറ്റർ കാര്യേജ് വേയോടെ 22 മീറ്റർ വീതിയുള്ള മൂന്ന് സ്പാനുകളിലാണ് പാലം. പാലം തുറന്നതോടെ തുരുത്തുനിവാസികളുടെ യാത്രയ്‌ക്കു മാത്രമല്ല, സമീപത്തെ 1500 ഏക്കർ കൃഷിയിടങ്ങളിലെ നെൽക്കർഷകർക്കും സഹായമായി. അയ്യന്തോൾ കെണി കോൾപ്പടവ്, പുഴയ്‌ക്കൽ, അടാട്ട് കോൾപ്പടവ്, പുല്ലഴി കോൾപ്പടവ് എന്നിവിടങ്ങളിലെ കർഷകർക്കും വിത്തും വളവും നെല്ലും മറ്റ് സാമഗ്രികളുമെത്തിക്കാൻ എളുപ്പമായി.









0 comments