ad
Deshabhimani

ഹൃദയം കവർന്ന്‌

വേലൻകുണ്ടിലെത്തിയ ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ ലൈഫ് വീട് ലഭിച്ച ചന്ദ്രൻ സ്വീകരിക്കുന്നു

വേലൻകുണ്ടിലെത്തിയ ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ ലൈഫ് വീട് ലഭിച്ച ചന്ദ്രൻ സ്വീകരിക്കുന്നു

avatar
കെ എൻ സനിൽ ​

Published on Mar 27, 2026, 12:15 AM | 1 min read

തിരുവില്വാമല

‘സ്വന്തമായി ഒരു വീടുണ്ടാവുമെന്ന്‌ കരുതിയതല്ല, ഇ‍ൗ സർക്കാരാണ്‌ മൂന്നുകൊല്ലം മുമ്പ്‌ വീടുവച്ചുതന്നത്‌...’ പറഞ്ഞുതുടങ്ങുന്പോൾ തിരുവില്വാമല വേലംകുണ്ട്‌ ഉന്നതിയിലെ ചന്ദ്രന്‌ അഭിമാനം. ഇ‍ൗ സന്തോഷം പ്രകടിപ്പിക്കാൻ കൂടിയാണ്‌ മടപ്പുള്ളിപ്പടിയിൽ ചേലക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിനെ സ്വീകരിക്കാനെത്തിയത്‌. ‘പതിറ്റാണ്ടുകൾക്കുമുന്പ്‌ വസ്‌തുപണയപ്പെടുത്തി 6000 രൂപയ്‌ക്കാണ്‌ അച്ഛൻ ഒരു വീട്‌ നിർമിച്ചത്‌. കാലപ്പഴക്കംകൊണ്ട്‌ വീട്‌ നാശമായി. ഇനിയൊന്ന്‌ നിർമിക്കാനാകും എന്ന്‌ കരുതിയതല്ല. ലൈഫിൽ അപേക്ഷിച്ചപ്പോൾ വീടുകിട്ടി. ഭാര്യയും രണ്ടു പെൺമക്കളുമാണുള്ളത്‌. ഇരുവരുടെയും വിവാഹം കഴിഞ്ഞു. ഇപ്പോൾ കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനംകൊണ്ട്‌ സ്വസ്ഥമായി ജീവിക്കാം.’ ചന്ദ്രൻ പറഞ്ഞു. ചന്ദ്രനെപ്പോലെ നൂറുകണക്കിനാളുകളാണ്‌ സർക്കാരിന്റെ കരുതൽ സ്‌പർശം ലഭിച്ചതിന്റെ സന്തോഷമറിയിക്കാൻ സ്വീകരണകേന്ദ്രത്തിലെത്തിയത്‌. വ്യാഴാഴ്‌ചയാണ്‌ യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം ആരംഭിച്ചത്‌. തിരുവില്വാമല പഞ്ചായത്തിലായിരുന്നു ആദ്യദിവസത്തെ പര്യടനം. എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിക്കാൻ തുടങ്ങിയശേഷം ചേലക്കരക്ക്‌ കൈവന്ന പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയുടെ ഹ്രസ്വമായ പ്രസംഗം. ഓരോ മുക്കിലും മൂലയിലും ഒന്നല്ല, പലതുണ്ട്‌ വികസന നേട്ടമായി തൊട്ടുകാണിക്കാൻ. രാത്രി മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചുകഴിഞ്ഞ മണ്ഡലത്തിൽ 1996 മുതൽ എൽഡിഎഫ്‌ വിജയിച്ചുതുടങ്ങിയതിന്‌ ശേഷമുള്ള വികസന നേട്ടങ്ങൾ ഓരോന്നും ചൂണ്ടിക്കാട്ടിയാണ്‌ സംസാരം. കുത്താമ്പുള്ളി പാലം, മലാറ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കെട്ടിടം, സ്‌മാർട്ട്‌ വില്ലേജ് ഓഫീസ്‌, എണ്ണമറ്റ റോഡുകൾ, ശബരിമല മാസ്‌റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയുള്ള റോഡുകൾ... എംഎൽഎ എന്ന നിലയിൽ നടപ്പാക്കിയ നിരവധി പദ്ധതികളുണ്ട്‌ തിരുവില്വാമല പഞ്ചായത്തിൽ. രാവിലെ ഏഴിന് കൂട്ടുപാതയിൽ നിന്നാരംഭിച്ച പര്യടനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ബാബു ഉദ്‌ഘാടനം ചെയ്‌തു. 40 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം മുത്തങ്ങക്കുണ്ടിൽ ഒന്നാംദിവസ പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോകുലൻ, കെ പി ഉമാശങ്കർ, കെ ആർ സത്യൻ, സി ഗോപദാസ്‌, എൻ കുമാരൻ തുടങ്ങിയവൻ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home