ഇടതോരം ഇരിങ്ങാലക്കുട

കല്ലേറ്റുംങ്കര പാവനമാത പ്രൊവിൻഷൽ ഹൗസിലെത്തി വോട്ടഭ്യർഥിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആർ ബിന്ദു
കെ എൻ സനിൽ
Published on Apr 08, 2026, 12:15 AM | 2 min read
ഇരിങ്ങാലക്കുട
കേരള ചരിത്രത്തിലെ ചുവന്ന ഏടാണ് ഇരിങ്ങാലക്കുട. തൊഴിലാളി വർഗപോരാട്ടങ്ങളും നവോത്ഥാന പോരാട്ടങ്ങളും ഉഴുതുമറിച്ച മണ്ണ്. ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 52 ശതമാനത്തിലേറെ വോട്ട് നൽകി കമ്യൂണിസ്‌റ്റ് പാർടി സ്ഥാനാർഥിയെ വിജയിപ്പിച്ച മണ്ണ്. ഇരിങ്ങാലക്കുടയിൽനിന്ന് വിജയിച്ച സി അച്യുതമേനോൻ 1957ലെ ആദ്യ ഇഎംഎസ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയും പിന്നീട് ആഭ്യന്തരമന്ത്രിയുമായി. കേരള നിയമസഭയിലേക്ക് നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 11ലും വിജയിച്ചത് ഇടതുസ്ഥാനാർഥികൾ. 1957ൽ വിജയിച്ച സി അച്യുതമേനോൻ 1960ലെ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. അച്യുതമേനോനിൽ തുടങ്ങിയ ഇടതുപാരമ്പര്യം ഇരിങ്ങാലക്കുട മിക്കവാറും തെരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ചു. 1982, 87, 91, 96 വർഷങ്ങളിൽ ലോനപ്പൻ നമ്പാടൻ തുടർവിജയം കരസ്ഥമാക്കി. 2016ൽ പ്രൊഫ. കെ യു അരുണനും 2021ൽ ആർ ബിന്ദുവും വിജയം ആവർത്തിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി തിളങ്ങി ആർ ബിന്ദുവാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർഥി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ മുന്നേറ്റവും ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടത്തിയ എണ്ണമറ്റ വികസനപ്രവർത്തനങ്ങളുടെ റെക്കോഡുമായാണ് ഇരിങ്ങാലക്കുടയുടെ സ്വന്തം ‘ടീച്ചർ’ രണ്ടാമങ്കത്തിനിറങ്ങുന്നത്. വിദ്യാഭ്യാസ കാലംമുതൽ ഇരിങ്ങാലക്കുടയുടെ പൊതുജീവിതത്തിന്റെ ഭാഗമാണ് ആർ ബിന്ദു. ജന്മനാടിന്റെ ഹൃദയത്തുടിപ്പറിയുന്ന ജനപ്രതിനിധി. 22 കോടി രൂപ മുടക്കി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും കീമോതെറാപ്പി യൂണിറ്റും തുടങ്ങിയത് സമീപ മണ്ഡലങ്ങളിലുള്ളവർക്കും സഹായകരമാണ്. കുപ്പിക്കഴുത്ത് ഒഴിവാക്കി ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയമായ ഠാണാവ്, ചന്തക്കുന്ന് വികസനം അന്തിമഘട്ടത്തിലും. മണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങൾക്കും കെട്ടിടവും അടിസ്ഥാന സൗകര്യ വികസനവും കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ, ഇരിങ്ങാലക്കുട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ബസ് ബേ കം ഓഡിറ്റോറിയം എന്നിവ പ്രധാന വികസന നേട്ടങ്ങളാണ്. പോട്ട–മൂന്നുപീടിക റോഡ്, മാപ്രാണം–നന്തിക്കര റോഡ്, വല്ലക്കുന്ന്–നെല്ലായി റോഡ്, കാട്ടൂർ–ചെമ്മണ്ട റോഡ് എന്നിവ ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർഥി. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി മത്സരിക്കുന്ന തോമസ് ഉണ്ണിയാടനെതിരെ ശക്തമായ വികാരമാണ് യുഡിഎഫിനകത്ത് നിലനിൽക്കുന്നത്. യൂത്ത് കോൺഗ്രസുകാർ ഉണ്ണിയാടനെതിരെ വാർത്താസമ്മേളനവും പോസ്‌റ്റർ പ്രചാരണവും നടത്തി. ഇരിങ്ങാലക്കുടയിൽ വ്യാപാരിയായ സന്തോഷ് ചെറാക്കുളമാണ് എൻഡിഎ സ്ഥാനാർഥി.










0 comments