എൽഡിഎഫിന് ലക്ഷത്തിലേറെ വോട്ട് വർധിച്ചു
ഉലയാതെ തൃശൂർ

കെ എൻ സനിൽ
Published on May 06, 2026, 12:15 AM | 1 min read
തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ യുഡിഎഫ് നേട്ടമുണ്ടാക്കിയപ്പോഴും എൽഡിഎഫിനൊപ്പം ഉറച്ചുനിന്ന് തൃശൂർ. ജില്ലയില്‍ 13ൽ ഒന്പത് മണ്ഡലങ്ങളിലും വിജയിച്ച് ഏറ്റവും കൂടുതൽ എൽഡിഎഫ് എംഎൽഎമാർ നിയമസഭയിലെത്തുന്നതും തൃശൂരിൽനിന്ന്. എൽഡിഎഫ് എംഎൽഎമാരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ചേലക്കരയിൽനിന്ന് വിജയിച്ച യു ആർ പ്രദീപിനാണ്–29,386. 2006 മുതൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് ജില്ലയിൽ മേൽക്കൈ. ഇത്തവണയും അതിൽ മാറ്റമില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പല ജില്ലകളിലും യുഡിഎഫ് മേൽക്കൈ നേടിയപ്പോഴും തൃശൂരിൽ മേൽക്കൈ എൽഡിഎഫിനായിരുന്നു. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ 40.32 ശതമാനം വോട്ടാണ് ജില്ലയിൽ എൽഡിഎഫിന് ലഭിച്ചത്. 40.21 ശതമാനമാണ് യുഡിഎഫിന് ലഭിച്ച വോട്ട്. എൻഡിഎയ്ക്ക് 17.94 ശതമാനവും മറ്റുള്ളവർ 1.53 ശതമാനം വോട്ടും നേടി. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലേതിനേക്കാൾ 1,20,413 വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അധികമായി ലഭിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 6,79,036 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 7,99,449 വോട്ടായി വർധിച്ചു. തൃശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് എൽഡിഎഫിന് ലഭിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിന് 9,30,539 വോട്ടും യുഡിഎഫിന് 6,71,477 വോട്ടും എൻഡിഎക്ക് 3,36,746 വോട്ടും ലഭിച്ചു.










0 comments