ad
Deshabhimani

ടീച്ചറല്ലാതെ മറ്റാര്‌.....

ഇരിങ്ങാലക്കുട മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആർ ബിന്ദുവിന്‌ കനാൽ ബേസിൽ നൽകിയ സ്വീകരണം

ഇരിങ്ങാലക്കുട മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആർ ബിന്ദുവിന്‌ കനാൽ ബേസിൽ നൽകിയ സ്വീകരണം

avatar
കെ എൻ സനിൽ ​

Published on Mar 29, 2026, 12:15 AM | 2 min read

ഇരിങ്ങാലക്കുട

സമയം രാവിലെ 7.30. ഇരിങ്ങാലക്കുട മാർക്കറ്റിലെ തിരക്കിലേക്ക്‌ മന്ത്രിയെത്തി. എല്ലാം പരിചിത മുഖങ്ങൾ. സ്ഥാനാർഥിയെന്ന നിലയിൽ ഹ്രസ്വമായ വോട്ടഭ്യർഥന, പരിചയം പുതുക്കൽ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആർ ബിന്ദുവിന്റെ സ്വീകരണ പര്യടനത്തിന്റെ തുടക്കം മാർക്കറ്റ്‌ പരിസരത്തുനിന്നായിരുന്നു. സ്വീകരണ പരിപാടി ഒ‍ൗദ്യോഗികമായി ആരംഭിക്കുന്നതിനുമുന്നേ മാർക്കറ്റിൽ വോട്ടർമാരെ കാണാനെത്തിയതാണ്‌ മന്ത്രി. ‘‘ഒപ്പമുണ്ടാവണം...’’ കൈപിടിച്ച്‌ ടീച്ചർ പറഞ്ഞു. ‘‘ അത്‌ പ്രത്യേകം പറയണോ...ടീച്ചറെ ഞങ്ങൾക്ക്‌ അറിയാവുന്നതല്ലേ...’ മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന സിലു ജോർജിന്റെ മറുപടി. ഇരിങ്ങാലക്കുടയും ‘ബിന്ദുടീച്ചറും’ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ സാക്ഷ്യമാണ്‌ ഇ‍ൗ വാക്കുകൾ. ‘‘ഞാൻ സ്‌കൂളിലേക്കും കോളേജിലേക്കും നടന്നുപോയ വഴിയാണിത്‌’’– കനാൽ ബേസിലെ സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ സ്ഥാനാർഥി ഓർമപുതുക്കി. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തോട്‌ നീതിപുലർത്താൻ കഴിഞ്ഞ അഞ്ചുവർഷവും പരമാവധി പരിശ്രമിച്ചു. കനാൽ ബേസ്‌ ഉന്നതി അംബേദ്‌കർ ഗ്രാമം പദ്ധതിവഴി നവീകരിച്ചതും മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളും നാട്ടുകാരോട്‌ വിവരിച്ചു. എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുണ്ട്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയതായി സ്ഥാനാർഥിക്ക്‌ തൊട്ടുകാണിക്കാൻ. ഓരോ കേന്ദ്രത്തിലും ചെറുവാക്കുകളിൽ അത്‌ വിവരിക്കുന്നു. ഠാണാവ്‌– ചന്തക്കുന്ന്‌ വികസനം മണ്ഡലത്തിന്റെ വികസന സ്വപ്‌നങ്ങളുടെ കേന്ദ്രമാണ്‌. ആറുനിലകളിലായി വികസിപ്പിച്ച ജനറൽ ആശുപത്രി ആധുനിക ചികിത്സാ സ‍ൗകര്യത്തോടെ പ്രവർത്തനമാരംഭിച്ചു. ഒരേസമയം പത്തുരോഗികൾക്ക്‌ ഡയാലിസിസ്‌ ചെയ്യാനുള്ള സ‍ൗകര്യം ഇവിടെയുണ്ട്‌. അംബേദ്‌കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ ആറ്‌ ഉന്നതികൾ നവീകരിച്ചു. 256 കോടിയുടെ റോഡ്‌ വികസനം, 39.50 കോടി ചെലവിൽ ആശുപത്രികളുടെ വികസനം, 48 കോടി ചെലവിൽ സ്‌കൂളുകളുടെ നവീകരണം...നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ്‌ ഓരോ കേന്ദ്രത്തിലും സംസാരം. ‘‘ ഇരിങ്ങാലക്കുടയുടെ അഭിമാനമായ ഇന്നസെന്റിനും പി ജയചന്ദ്രനും ഉചിതമായ സ്‌മാരകം നമുക്ക്‌ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്‌’’ സ്ഥാനാർഥിയുടെ വാക്കുകൾ കരഘോഷത്തോടെയാണ്‌ നാട്ടുകാർ സ്വീകരിക്കുന്നത്‌. ശനിയാഴ്‌ച രാവിലെ ഇരിങ്ങാലക്കുട മാർക്കറ്റ്‌ പരിസരത്ത്‌ സിപിഐ ദേശീയ എക്‌സിക്യുട്ടീവ്‌ അംഗം രാജാജി മാത്യു തോമസ്‌ പര്യടന പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ബിന്നി വിൻസെന്റ്‌ അധ്യക്ഷനായി. തെരഞ്ഞെടുപ്പുകമ്മിറ്റി കൺവീനർ ഉല്ലാസ്‌ കളയ്‌ക്കാട്ട്‌, സിപിഐ എം ഏരിയ സെക്രട്ടറി വി കെ മനോജ്‌കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ്‌, കെ ആർ വിജയ, ആർ എൽ ശ്രീലാൽ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home