ad
Deshabhimani

ഫൈനൽ ലാപ്പിൽ എൽഡിഎഫ്‌

ഉറപ്പാണ്‌, തുടരും....

111
avatar
കെ എൻ സനിൽ ​

Published on Apr 05, 2026, 12:15 AM | 2 min read

തൃശൂർ

നിയമസഭാതെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാന ഘട്ടത്തിലേക്ക്‌ കടക്കുന്പോൾ പ്രചാരണത്തിൽ എൽഡിഎഫിനെങ്ങും ശക്തമായ മുന്നേറ്റം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലേയും ഇടതുമേൽക്കൈ ഇക്കുറിയും തുടരുമെന്നതിന്റെ സൂചനയാണ്‌ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും. വിവിധ തലങ്ങളിലുള്ള കൺവെൻഷനുകളും കുടുംബയോഗങ്ങളും പൂർത്തിയാക്കി ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്‌ എൽഡിഎഫ്‌ മുന്നേറ്റം. ജില്ലയിലെന്പാടും ബൂത്ത്‌ തല യോഗങ്ങളും കുടുംബയോഗങ്ങളും സ്‌ക്വാഡ്‌ പ്രവർത്തനങ്ങളും സജീവമാണ്‌. സ്വീകരണ പര്യടനം പൂർത്തിയാക്കിയ സ്ഥാനാർഥികൾ അവസാനവട്ടം വോട്ടർമാരെ കാണാനുള്ള തിരക്കിലാണ്‌. 1996ൽ കെ രാധാകൃഷ്‌ണനിലൂടെ പിടിച്ചെടുത്ത ചേലക്കര മണ്ഡലത്തിൽ വിജയത്തുടർച്ചയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌. വികസനത്തിൽ കേരളത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന മണ്ഡലത്തെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകൊണ്ട്‌ അടിസ്ഥാന സ‍ൗകര്യങ്ങളിലും പശ്ചാത്തല വികസനത്തിലും മറ്റ്‌ ഏതു പ്രദേശത്തോടും കിടപിടിക്കാവുന്ന തലത്തിലേക്കുള്ള വളർച്ചയ്‌ക്ക്‌ നേതൃത്വം നൽകിയതിന്റെ കരുത്തിലാണ്‌ എൽഡിഎഫ്‌. 2016 മുതലുള്ള 10 വർഷത്തിനിടെ സമാനതകളില്ലാത്ത വികസനങ്ങളാണ്‌ ചേലക്കരയിൽ നടന്നത്‌. മണ്ഡലത്തിന്റെ മുക്കുംമൂലയും സുപരിചിതമാണ്‌ യു ആർ പ്രദീപിന്‌. സ്ഥാനാർഥി നിർണയ ഘട്ടം മുതൽ ചുവടിടറിയ യുഡിഎഫിന്‌ ഒരു ഘട്ടത്തിലും മത്സരത്തിലേക്ക്‌ കടന്നുവരാനായില്ല. സീറ്റ്‌ മുസ്ലിം ലീഗിന്‌ വച്ചുമാറിയതുമുതൽ ആരംഭിച്ച പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പുദിനത്തോടടുക്കുന്പോഴും പരിഹരിക്കാനാവാത്ത അവസ്ഥയിലാണ്‌ കോൺഗ്രസ്‌. കഴിഞ്ഞ പത്തുവർഷം എ സി മൊയ്‌തീന്റെ നേതൃത്വത്തിൽ കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കിയ വികസന മുന്നേറ്റം ചർച്ചചെയ്യാൻ ത്രാണിയില്ലാത്ത യുഡിഎഫ്‌ അപവാദ പ്രചാരണത്തിലും വ്യക്തിഹത്യയിലും ഉ‍ൗന്നിയാണ്‌ പ്രചാരണം. എൻഡിഎയ്‌ക്കായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ച കുന്നംകുളത്ത്‌ ഇക്കുറി ബിഡിജെഎസ്‌ ആണ്‌ മത്സരിക്കുന്നത്‌. ബിജെപി പ്രവർത്തകർ പ്രചാരണരംഗത്തുനിന്ന്‌ പിൻവലിഞ്ഞത്‌ യുഡിഎഫ്‌–ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. അപവാദ പ്രചാരണങ്ങളെയും അവിശുദ്ധ കൂട്ടുകെട്ടുകളെയും മറികടന്ന്‌ പ്രചാരണ രംഗത്ത്‌ മുന്നേറുകയാണ്‌ എൽഡിഎഫ്‌. പഞ്ചായത്ത്‌ റാലികൾ തിങ്കളാഴ്‌ച പൂർത്തിയാവും. ബൂത്ത്‌ തല പൊതുയോഗങ്ങളും തുടരുകയാണ്‌. വികസന പ്രവർത്തനങ്ങളാണ്‌ വടക്കാഞ്ചേരിയിലെ പ്രധാന ചർച്ച. പശ്ചാത്തല സ‍ൗകര്യ വികസനത്തിൽ വടക്കാഞ്ചേരി മണ്ഡലം ഏറ്റവും വലിയ കുതിപ്പ്‌നടത്തിയ കാലമാണ്‌ കഴിഞ്ഞ അഞ്ചുവർഷം. സേവ്യർ ചിറ്റിലപ്പിള്ളിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ശേഷം നടത്തിയ വികസന പ്രവർത്തനങ്ങളാണ്‌ എൽഡിഎഫിന്റെ കരുത്ത്‌. സ്ഥാനാർഥി നിർണയഘട്ടം മുതൽ തർക്കമൊടുങ്ങാത്ത യുഡിഎഫ്‌ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും പ്രചാരണത്തിൽ താളം കണ്ടെത്താനാവതെ കുഴങ്ങുകയാണ്‌. വടക്കാഞ്ചേരിയിലേത്‌ പെയ്‌ഡ്‌ സ്ഥാനാർഥിയാണെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തമാണ്‌. തുടർച്ചയായി എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിച്ചുവരാൻ തുടങ്ങിയ ശേഷം മണ്ഡലത്തിൽ ഉണ്ടായിട്ടുള്ള വികസനമുന്നേറ്റങ്ങൾ ചർച്ചചെയ്യാതിരിക്കാൻ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടക്കുന്ന മണ്ഡലമാണ്‌ ഗുരുവായൂർ. വികസനമുന്നേറ്റത്തെ വർഗീയ സഖ്യത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്‌ യുഡിഎഫും ബിജെപിയും. എൽഡിഎഫ്‌ പ്രതിനിധികൾ വിജയിച്ചുവരുന്പോൾ മാത്രമാണ്‌ ഗുരുവായൂരിൽ വികസനമുണ്ടാകുന്നതെന്ന യാഥാർഥ്യം മറച്ചുവയ്ക്കാനാണ്‌ ശ്രമം. അന്താരാഷ്‌ട്ര പ്രശസ്‌തമായ തീർഥാടന കേന്ദ്രത്തിന്‌ അടിസ്ഥാന വികസനമുണ്ടാക്കിയത്‌ എൽഡിഎഫ്‌ സർക്കാരും എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതികളുമാണെന്ന യാഥാർഥ്യം മറച്ചുവയ്‌ക്കാനാണ്‌ ബിജെപി സ്ഥാനാർഥി വർഗീയ ഭിന്നിപ്പിന്‌ ശ്രമിക്കുന്നത്‌. ഇതിനെ എതിർക്കുന്നതിനു പകരം സംരക്ഷണം നൽകുന്ന നിലപാടാണ്‌ യുഡിഎഫിന്‌. ഇ‍ൗ കുപ്രചാരണങ്ങളെയും മറികടക്കുന്ന പ്രചാരണ മുന്നേറ്റമാണ്‌ ഗുരുവായൂർ മണ്ഡലത്തിൽ എൽഡിഎഫ്‌ നടത്തുന്നത്‌. സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കിയ സ്ഥാനാർഥി എൻ കെ അക്‌ബർ അവസാനവട്ടം വോട്ടർമാരെ കാണാനുള്ള തിരക്കിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home