കെഎസ് യു ജില്ലാ പ്രസിഡന്റിനും സെക്രട്ടറിക്കും നോട്ടീസ്

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണ നോട്ടീസ്
തൃശൂർ
കെഎസ്‌യു ജില്ലാ നേതാക്കളുടെ തമ്മിലടിയിൽ ഇരുവിഭാഗത്തിനും നോട്ടീസ്. സംസ്ഥാന കമ്മിറ്റിയാണ് ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനും സെക്രട്ടറി വിഷ്‌ണു പ്രസാദ് നെടുങ്ങാട്ടിനും നോട്ടീസ് നൽകിയത്. വിഷ്‌ണു പ്രസാദ് നെടുങ്ങാട്ടിനുനേരെ ഗോകുൽ ഗുരുവായൂർ വധഭീഷണി മുഴക്കിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. തുടർന്ന് നടന്ന കെഎസ്‌യു ജില്ലാ കമ്മിറ്റി യോഗത്തിൽ ഗോകുലിന്റെ നെയിംബോർഡ് ഒരു വിഭാഗം പ്രവർത്തകർ വലിച്ചുകീറിയിരുന്നു. വിഷ്‌ണു പ്രസാദ് നെടുങ്ങാട്ടിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ തിങ്കൾ വൈകിട്ട് ആറിനകം സംസ്ഥാന കമ്മിറ്റിക്ക് വിശദീകരണം നൽകണം. ഈ വിഷയം മാധ്യമങ്ങളെ അറിയിച്ചെന്ന പരാതിയിൽ ജില്ലാ സെക്രട്ടറി വിഷ്ണുപ്രസാദ് നെടുങ്ങാട്ടും വിശദീകരണം നൽകണം. ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാഹുൽ കൈതയ്ക്കൽ വിളിച്ചുചേർത്ത യോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളും സംഘടനാ വിഷയങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, അബ്ബാദ് ലുഫ്ദി എന്നിവരെയും ചുമതലപ്പെടുത്തി. വ്യാഴാഴ്‌ചയ്ക്ക് മുന്പ് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് നൽകണമെന്നും കത്തിൽ പറയുന്നു. സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണക്കത്തും മണിക്കൂറുകൾക്കകം പുറത്തായി. ഇതോടെ പ്രശ്‌നം രൂക്ഷമാകുമെന്നാണ് സൂചന. ഡിസിസി ഓഫീസിൽ നടന്ന തമ്മിലടി അന്വേഷിക്കാൻ സംഘടനാ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ ബാബുരാജ്, പി ആർ സുരേഷ് എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.









0 comments