സംസ്ഥാന ക്ഷേമനിധി ബോര്‍ഡ് ഭവന പദ്ധതി
ജില്ലയില്‍ നിര്‍മിക്കുന്നത് 14 വീട്

ജിബിന സാഗരന്‍
Published on Nov 09, 2025, 12:17 AM | 1 min read
തൃശൂര്‍
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ഭവന പദ്ധതിയിലൂടെ ജില്ലയില്‍ അംഗങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്നത് 14 വീട്. 2021ലെ വിഷു ബംബര്‍ ഭാഗ്യക്കുറിയുടെ ലാഭവിഹിതം ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. ഒരു വീടിന് 5.92 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അംഗപരിമിതര്‍, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 14 വീട് നിര്‍മിച്ച് നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും അപേക്ഷകരില്‍ നിന്ന് യോഗ്യരായ മൂന്നുപേരെയാണ് കണ്ടെത്തിയത്. തറ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാറളം പഞ്ചായത്തിലെ പി ജി സെല്‍വന് ഒന്നാം ഗഡു ഒരുലക്ഷം രൂപ നല്‍കി. സംസ്ഥാനത്താകെ 160 വീടാണ് നിര്‍മിക്കുന്നത്. 2-021ലെ വിഷു ബംബറിന്റെ ലാഭമായ 9.5 കോടി രൂപ ഇതിനായി വിനിയോഗിക്കും. തിരുവനന്തപുരം (12), കൊല്ലം (18), ആലപ്പുഴ (15), കോട്ടയം, ഇടുക്കി (11 വീതം), എറണാകുളം, തൃശൂര്‍ (14 വീതം), പാലക്കാട് (16), മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, പത്തനം തിട്ട (8 വീതം), കണ്ണൂര്‍ (9) എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. നാലു ഗഡുക്കളായാണ് തുക അനുവദിക്കുന്നത്. തറ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം രൂപ ഒന്നാംഗഡു നല്‍കും. ഭിത്തി നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രണ്ടു ലക്ഷം രൂപ രണ്ടാംഗഡു അനുവദിക്കും. കോണ്‍ക്രീറ്റ് പൂര്‍ത്തിയാകുമ്പോള്‍ രണ്ടുലക്ഷം രൂപ മൂന്നാം ഗഡു ലഭിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട നമ്പര്‍ നല്‍കുന്പോഴാണ് നാലാംഗഡു 92,000 രൂപ ലഭിക്കുന്നത്. ഒക്ടാ. 28നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.









0 comments