മണ്ണിൽ എല്ലാമെല്ലാമാണ് ഇൗ കർമസേന

ഇ കെ അനൂപ്
Published on Oct 14, 2026, 12:46 AM | 2 min read
പറപ്പൂക്കര കാർ
ഷിക ജോലികളിൽ ഓൾ ഇൻ ഓൾ ആണ് ഇൗ വനിതാ കാർഷിക കർമസേന. പുല്ലുവെട്ട്, തെങ്ങുകയറ്റം, ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, ജൈവവള നിർമാണം എന്നിവയിൽ വിദഗ്ധ പരിശീലനം നേടിയ ഇവരുടെ കാർഷിക ജോലികളിലുടെ നാട്ടിടങ്ങൾ മാത്രമല്ല ജീവിതവും പച്ചപ്പണിയുകയാണ്. തരിശുഭൂമിയിൽ പച്ചക്കറി കൃഷിയും പൂകൃഷിയും ഏറ്റെടുക്കുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ തനത് വിഭവമായ പറപ്പൂക്കര മട്ട അരി പാക്ക് ചെയ്ത് വിപണിയിൽ ഇറക്കുന്നതും ഇൗ അഗ്രി ടെക്നീഷ്യന്മാരാണ് 2024 ഏപ്രിലിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകി രൂപീകരിച്ചതാണ് അഗ്രിടെക്നീഷ്യൻമാർ അഥവാ കാർഷിക കർമസേന. എല്ലാത്തരം കാർഷിക ജോലികളും ഏറ്റെടുക്കുന്ന സേനയിൽ നിലവിൽ എട്ട് വനിതകളാണുള്ളത്. ശാന്തി ദാസൻ, സ്നേഹ സുനിൽ, രാധ ഉണ്ണിക്കൃഷ്ണൻ, ബിന്ദു ദിവാകരൻ, അനിത ഗോപി, വിനിത നളൻ, രേണുക ബേബി, സന്ധ്യ സജീവൻ എന്നിവർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് പുല്ലുവെട്ട്, തെങ്ങുകയറ്റം, ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, ജൈവവള നിർമാണം എന്നിവയിൽ വിദഗ്ധ പരിശീലനം നേടി. രണ്ട് കിലോഗ്രാം പാക്കറ്റുകളിൽ ജൈവവളം നിർമിച്ച് പഞ്ചായത്തിന്റെ തന്നെ ഇക്കോ ഷോപ്പ് വഴി വിതരണം നടത്തിവരുന്നു. പഞ്ചായത്തിലെ ജാതി കർഷകർക്ക് 50 ശതമാനം സബ്സിഡിയിലാണ് ജൈവവളം വിതരണം ചെയ്യുന്നത്. നിലവിൽ മൂന്ന് പുല്ലുവെട്ട് മെഷീൻ സ്വന്തമായുണ്ട്. പുല്ല് വെട്ടുന്ന ജോലിയിലൂടെ 900രൂപ വീതം ഒരാൾക്ക് ഒരു ദിവസം കൂലി ലഭിക്കും. ജൈവവള നിർമാണത്തിന് 500 രൂപയാണ് കൂലി. ഓണക്കാലത്ത് ഉപ്പേരി വറവും അച്ചാർ നിർമാണവും ഏറ്റെടുക്കും. ഇവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും നിരീക്ഷിക്കുവാനും പറപ്പൂക്കര പഞ്ചായത്തും ഒന്പതംഗ കാർഷിക കർമസേന കമ്മിറ്റിയും നിലകൊള്ളുന്നു. ഓണക്കാലത്ത് ബോണസും ഓണപ്പുടവയും ക്രിസ്തുമസിന് പ്രത്യേക അലവൻസും മുടങ്ങാതെ നൽകി വരുന്നതായി കർമസേന കമ്മിറ്റി സെക്രട്ടറി കെ സുധാകരനും പ്രസിഡന്റ് ദിനേഷ് വെള്ളപ്പാടിയും പറഞ്ഞു. എല്ലാവിധ പിന്തുണയും നൽകി അന്തസ്സോടെ തൊഴിൽ ചെയ്യാനുള്ള സാഹചര്യവും മാന്യമായ വേതനവും തങ്ങൾക്ക് പഞ്ചായത്തും കാർഷിക കർമസേന കമ്മിറ്റിയും ഒരുക്കുന്നതായി അഗ്രിടെക്‌നിഷ്യൻമാർ പറഞ്ഞു. 2022ൽ മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതാണ് ഇൗ പദ്ധതിക്ക് തുടക്കം കുറിക്കാൻ ഇടയാക്കിയത്. കാർഷിക മേഖലയിൽ ഏറ്റെടുക്കാവുന്ന നൂതന പദ്ധതികളെക്കുറിച്ച് വിവിധ നിർദേശങ്ങൾ ഐസക് മുന്നോട്ടുവച്ചു. ആകർഷകമായ മാസശമ്പളം ലഭിക്കുന്ന അഗ്രിടെക്നീഷ്യൻ സേന രൂപീകരണമായിരുന്നു പ്രധാന നിർദേശം. ഇൗ നിർദേശം എൽഡിഎഫ് ഭരണസമിതി ഏറ്റെടുക്കുകയായിരുന്നു.









0 comments