ad
Deshabhimani

ഇറ്റ്‌ഫോക്കിന്‌ ഇന്ന്‌ വേദിയുണരും

ഇനി സർവം നാടകം

ഇറ്റ്‌ ഫോക്കിന്റെ ഭാഗമായി സംഗീത നാടക അക്കാദമി കാമ്പസ് തോരണങ്ങൾകൊണ്ട്‌ അലങ്കരിച്ചപ്പോൾ/  ചിത്രം : ഡിവിറ്റ് പോൾ

ഇറ്റ്‌ ഫോക്കിന്റെ ഭാഗമായി സംഗീത നാടക അക്കാദമി കാമ്പസ് തോരണങ്ങൾകൊണ്ട്‌ അലങ്കരിച്ചപ്പോൾ/ ചിത്രം : ഡിവിറ്റ് പോൾ

വെബ് ഡെസ്ക്

Published on Jan 25, 2026, 12:36 AM | 1 min read

തൃശൂർ

ഇനി എട്ട്‌ നാൾ തൃശൂർ നഗരത്തിന്‌ നാടകക്കാഴ്‌ചയുടെ കാലം. ലോക നാടകവേദിയുടെ പുതിയ കാഴ്‌ചകളും ചർച്ചകളുമായി സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന കേരളത്തിന്റെ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്‌) 16–-ാം പതിപ്പിന്‌ ഞായറാഴ്‌ച അരങ്ങുണരും. ‘ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍’ എന്നതാണ് ഇറ്റ്‌ഫോക് പ്രമേയം. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിശ്ശബ്ദതയ്ക്ക് ആവിഷ്‌കാരങ്ങളിലൂടെ ശബ്ദം നൽകുക എന്ന ചരിത്രദൗത്യമാണ് പ്രമേയത്തിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്. ഒന്പത്‌ വിദേശ നാടകങ്ങളടക്കം 23 നാടകങ്ങളുടെ 48 അവതരണങ്ങള്‍ നടക്കും. 49 വിദേശനാടകപ്രവര്‍ത്തകര്‍ അടക്കം 246 കലാകാരരാണ്‌ അരങ്ങിലെത്തുന്നത്‌. ഞായർ വൈകിട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ മന്ത്രി കെ രാജന്‍ ഇറ്റ്‌ഫോക്‌ ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച കെ ടി മുഹമ്മദ് തിയറ്ററിന്റെ ഉദ്ഘാടനവും നടക്കും. മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയാകും. വിഖ്യാത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, ഗുജറാത്തി നാടക പ്രവർത്തകൻ ദക്ഷിണ്‍ ഛാര, നാടകപ്രതിഭ മായാ തങ്ബര്‍ഗ്‌ എന്നിവർ അതിഥികളാകും. അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ നാടകസംഘം അവതരിപ്പിക്കുന്ന ‘ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ട്’ ആണ് ഉദ്ഘാടന നാടകം. മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന നോവലിനെ ആധാരമാക്കിയാണ്‌ നാടകം ഒരുക്കിയിട്ടുള്ളത്‌. രാമനിലയം വളപ്പിലെ കൂത്തന്പലത്തിനു മുന്നിലെ വേദിയായ ഫാവോസില്‍ വിവിധ നാടകങ്ങളെയും വിഷയങ്ങളെയും ആസ്പദമാക്കി മുഖാമുഖവും സംവാദവും നടക്കും. ​നാടകാവതരണത്തിനപ്പുറത്തേക്കുള്ള സാംസ്‌കാരിക ഇടപെടൽ കൂടിയായി ഇറ്റ്‌ഫോക്‌ വളരും. നാടകത്തിനു പുറമേ ദിവസവും ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. ഇറ്റ്‌ഫോക്കിന്റെ ഭാഗമായി എല്ലാദിവസവും രാത്രി അക്കാദമി അങ്കണത്തില്‍ കലാപരിപാടി അരങ്ങേറും. ഗോത്രകലാവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം നൽകിയാണ്‌ അവതരണങ്ങൾ. അക്കാദമി ബാക്ക് യാര്‍ഡില്‍ ചിത്ര ,ഫോട്ടോ-, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യന്‍ നാടകരംഗത്തെ ജ്വലിപ്പിച്ച ബാദൽ സര്‍ക്കാറിനുള്ള ശ്രദ്ധാഞ്‌ജലിയായിട്ടാണ് പ്രദർശനം. സുദേവ് സിന്‍ഹയാണ് ക്യൂറേറ്റർ. ഇറ്റ്‌ഫോക്കിന്റെ ആരംഭം മുതല്‍ പോസ്റ്ററുകള്‍ രൂപകൽപ്പന ചെയ്ത അന്തരിച്ച ഡിസൈനര്‍ ശശി ഭാസ്‌കറിനോടുള്ള ആദര സൂചകമായി അദ്ദേഹം തയ്യാറാക്കിയ ഇറ്റ്‌ഫോക് പോസ്റ്ററുകളുടെയും പ്രദര്‍ശനമുണ്ടാകും. നാടക പ്രതിഭകളായ ഗോപാലന്‍ അടാട്ട്, കെ വി വിജേഷ്, സജീവ് കീഴരിയൂര്‍ എന്നിവരുടെ നാടക സ്‌കെച്ചുകളുടെയും വരകളുടെയും പ്രദര്‍ശനവും മേളയെ സന്പന്നമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home