മനസ്സുറപ്പിന്റെ പേരാണ് അഡ്വ. സംയുക്ത

സംയുക്ത പി മേനോൻ കാറോടിക്കുന്നു
ജിബിന സാഗരന്‍
Published on May 19, 2026, 12:13 AM | 1 min read
തൃശൂര്‍
തുറിച്ചുനോട്ടങ്ങളെ നേരിടാനാവാതെ വിഷമിച്ച കുട്ടിക്കാലമുണ്ട് സംയുക്തയ്‌ക്ക്. പൊക്കക്കുറവ് ഒരു വേദനയായിരുന്നുവെങ്കിലും അവൾ തളരാൻ ഒരുക്കമായിരുന്നില്ല. മറികടക്കാനുള്ള നിശ്‌ചയമായി പിന്നീട് ജീവിതം. അവസരങ്ങൾ തേടിവരുന്നതല്ല, തേടികണ്ടെത്തുന്നതാണ്. അതാണ് വിജയമെന്ന് തിരിച്ചറിഞ്ഞ്, അതിലേയ്‌ക്ക് മനസ്സുറപ്പിക്കുകയായിരുന്നു പിന്നീട് സംയുക്ത. പരിമിതികളെല്ലാം വിധിയെന്ന് വിലപിച്ചും പഴിച്ചും കഴിഞ്ഞുകൂടുന്നവരുടെ കൂട്ടത്തിൽ കൂടാൻ തയ്യാറാവാതിരുന്ന പെൺകുട്ടിയിൽ നിന്നാണ് ഇന്നത്തെ അഡ്വ. സംയുക്ത പി മേനോൻ രൂപപ്പെട്ടത്. ‘‘വിജയത്തിന് മുന്നിൽ ആർക്കും പരിമിതിയില്ല. ആത്മവിശ്വാസത്തോടെ അവസരങ്ങള്‍ ക ണ്ടെത്തുകയും വിനിയോഗിക്കുകയും ചെയ്യണം. അതാണ് ആദ്യ വിജയം. പരിശ്രമിച്ചുകൊണ്ടേയിരിക്കണം. '' വിജയപ്പടവുകളിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുന്പോൾ സംയുക്ത പങ്കുവയ്‌ക്കുന്ന വാക്കുകളാണിത്. ചെറുപ്പം മുതല്‍ നിയമം പഠിക്കാനായിരുന്നു ആഗ്രഹം. പ്ലസ്‌ടു പഠനശേഷം കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) എഴുതി കളമശേരി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) പ്രവേശനം നേടി. ഇതിനിടെ ഫോര്‍ വീലര്‍ ലൈസന്‍സുമെടുത്തു. 2024 ജൂലൈയില്‍ ഹൈ ക്കോടതിയില്‍ അഭിഭാഷകയായി എന്‍റോള്‍ ചെയ്തു. ഡിസംബറോടെ തൃശൂര്‍ ജില്ലാ കോടതിയില്‍ അഡ്വ. നമ്പനത്ത് ശ്രീകുമാറിന്റെ കീഴില്‍ ജൂനിയറായി പ്രാക്ടീസ് ചെയ്തുതുടങ്ങി. 2028ല്‍ നടക്കുന്ന ജൂഡീഷ്യല്‍ പരീക്ഷയ്ക്കും തയ്യാറെടുക്കുന്നു. ഒന്നര വര്‍ഷമായി കാറോടിച്ചാണ് സംയുക്ത അയ്യന്തോള്‍ നമ്പനത്ത് ബില്‍ഡിങ്ങിലെ ഓഫീസിലേക്കെത്തുന്നത്. സംയുക്തയുടെ ഉയരത്തിനനുസൃതമായി ബ്രേക്കും ആക്സിലേറ്ററും സീറ്റും ഉയര്‍ത്തിയിട്ടുണ്ട്. കാല്‍വയ്ക്കാന്‍ കാറില്‍ പ്ലാറ്റ്ഫോമും പ്രത്യേകമായി ഒരുക്കി. ഒറ്റയ്ക്ക് കാറോടിക്കാന്‍ ആരംഭിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായെന്ന് സംയുക്ത പറഞ്ഞു. നിയമത്തില്‍ മാത്രമല്ല, സംഗീതത്തിലും നൃത്തത്തിലും മിടുക്കിയാണ്. samsac_menon എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അച്ഛന്‍ പ്രമോദ് മേനോന്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെയും അമ്മ ദീപ്തി പ്രമോദ് അമല മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരാണ്. അമല ഹോസ്പിറ്റല്‍ ക്വാർട്ടേഴ്സിലാണ് താമസം. സഹോദരന്മാര്‍: പരേതനായ സച്ചിന്‍, തന്മയ്.










0 comments