ad
Deshabhimani

മീൻപിടിത്തത്തിനിടെ 
വല നശിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം

കേടായ വലയുടെ അറ്റകുറ്റപ്പണി നടത്തുന്ന മത്സ്യത്തൊഴിലാളികൾ
വെബ് ഡെസ്ക്

Published on Sep 22, 2025, 12:32 AM | 1 min read

കയ്പമംഗലം

കടലിൽ മീൻപിടിത്തത്തിനിടെ വല അജ്ഞാതവസ്തുവിൽ കുരുങ്ങി നശിച്ചതിനെ തുടർന്ന്‌ ലക്ഷങ്ങളുടെ നഷ്ടം. ശനിയാഴ്ച അഴീക്കോട് നിന്ന് മീൻപിടിക്കാൻ പോയ അയിരൂർ മഹാവിഷ്ണു എന്ന വള്ളത്തിലെ വലയാണ് നശിച്ചത്. കയ്പമംഗലം സ്വദേശി കോഴിപറമ്പിൽ അജോയിയുടേതാണ്‌ വള്ളം. അഴീക്കോട് നിന്ന് ഏകദേശം 25 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വലവിരിച്ച് തിരിച്ചെടുക്കുന്നതിനിടെയാണ്‌ കടലിലുണ്ടായിരുന്ന അജ്ഞാതവസ്തുവിൽ കുടുങ്ങിയത്. വല തിരിച്ചെടുക്കാൻ കഴിയാതായതോടെ മറ്റു രണ്ട് വള്ളക്കാരെ വിളിച്ചുവരുത്തി മുറിച്ചെടുക്കുകയായിരുന്നു. പകുതിയോളം വല കടലിൽ ഉപേക്ഷിക്കേണ്ടി വന്നു. കണ്ടയ്‌നറിലോ മറ്റോ ആണ്‌ വലകുരുങ്ങിയതന്നും 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും തൊഴിലാളികൾ പറയുന്നു. പുതിയ വല വാങ്ങി നെയ്‌തെടുത്ത് മീൻപിടിത്തത്തിനിറങ്ങാൻ പത്ത് ദിവസത്തോളം വേണ്ടി വരും. അമ്പതോളം തൊഴിലാളികളാണ്‌ വള്ളത്തിൽ പണിയെടുക്കുന്നത്. രണ്ടാഴ്ച മുമ്പ് നാട്ടികയിൽ നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഗുരു ദക്ഷിണ എന്ന വള്ളത്തിലെ വലയും സമാനരീതിയിൽ നശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home