മൂവായിരത്തോളം കർഷകർ പ്രതിസന്ധിയിൽ
നെൽവില കുടിശ്ശിക 25 കോടിയിലേറെ

തൃശൂർ
നെല്ല് സംഭരിച്ച ഇനത്തിൽ കർഷകർക്ക് ജില്ലയിൽ ഇനിയും ലഭിക്കാനുള്ളത് 25 കോടിയിലേറെ രൂപ. 2025–26 സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് കൊടുത്തുതീർക്കാനുള്ളത്. ഏഴ് താലൂക്കുകളിലായി 25,28,62,950 രൂപയാണ് വിതരണം ചെയ്യാനുള്ളത്. ബാങ്കുകളിൽ പണം എത്തിയിട്ടില്ലെന്നകാരണം പറഞ്ഞ് കർഷകർ നൽകിയ പിആർഎസുകൾക്ക് പണം നൽകാതെ മടക്കി. നെല്ലുസംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുക അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ദേശസാൽകൃത ബാങ്കുകളുടെ കൺസോർഷ്യത്തിന് ആവശ്യത്തിന് ഫണ്ട് നൽകാത്തതാണ് നെൽവില നൽകുന്നത് ഇത്രയും വൈകാൻ കാരണം. ഏഴ് താലൂക്കുകളിലായി 2749 കർഷകർക്കാണ് ഇനിയും പണം ലഭിക്കാനുള്ളത്. 2025 –26 സീസണിൽ 35,123 കർഷകർ ജില്ലയിൽ നെല്ലുസംഭരണത്തിന് സപ്ലൈകോയുമായി കരാറിലെത്തിയിരുന്നു. തൃശൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക കുടിശ്ശികയുള്ളത്. 12.61 കോടി രൂപയാണ് തൃശൂർ താലൂക്കിലെ കുടിശ്ശിക. കുന്നംകുളം താലൂക്കിൽ 3.93 കോടിയും ചാവക്കാട് താലൂക്കിൽ 3.77 കോടിയും മുകുന്ദപുരം താലൂക്കിൽ 2.30 കോടി രൂപയും കൊടുത്തു തീർക്കാനുണ്ട്. തലപ്പിള്ളി താലൂക്കിലും ചാലക്കുടി താലൂക്കിലും 1.30 കോടി രൂപ വീതം നെല്ലുസംഭരണ വിലയായി കർഷകന് ലഭിക്കാനുണ്ട്. കൊടുങ്ങല്ലൂർ താലൂക്കിൽ 4.67 ലക്ഷം രൂപയാണ് കുടിശ്ശിക. മാസങ്ങളായി നെല്ലിന്റെ വില കിട്ടാതെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കർഷകർക്ക് നെൽവില കൊടുത്തുതീർക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ആർ വർഗീസും സെക്രട്ടറി എ എസ് കുട്ടിയും പറഞ്ഞു.










0 comments