പരിസ്ഥിതി സംരക്ഷണത്തിനായി ‘കുളവെട്ടി സങ്കേതം’

എളവള്ളി കുളവെട്ടി പച്ചത്തുരുത്തിന്റെ ആകാശക്കാഴ്ച
എളവള്ളി
പരിസ്ഥിതി സംരക്ഷണത്തിന്റെ മികച്ച മാതൃക തീർക്കുകയാണ് എളവള്ളി പഞ്ചായത്ത് ഒരുക്കിയ പച്ചത്തുരുത്ത്. അതിതീവ്ര വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങളെ സംരക്ഷിക്കാനായാണ് പഞ്ചായത്ത് പച്ചത്തുരുത്ത് ഒരുക്കിയത്. കണിയാംതുരുത്തിലെ വാതക ശ്മശാനത്തോട് ചേർന്നാണ് കുളവെട്ടി സങ്കേതമുള്ളത്. കുടുംബശ്രീ മേൽനോട്ടത്തിൽ ശ്മശാന ജീവനക്കാരാണ് ദൈനംദിന സംരക്ഷണ ചുമതല നിർവഹിക്കുന്നത്. എട്ട് മീറ്ററോളം വളർന്ന 41 കുളവെട്ടികളാണ് ഇവിടെയുള്ളത്. ലോകത്ത് തന്നെ 300 കുളവെട്ടി മരങ്ങളാണ് നിലവിലുള്ളത്. വേരുകളിൽ ധാരാളം വെള്ളം സംഭരിച്ച് പ്രദേശത്തെ ജലസമൃദ്ധമാക്കാൻ കഴിവുള്ളവയാണ് കുളവെട്ടികൾ. വരൾച്ചയും മണ്ണിടിച്ചിലും നേരിടാൻ കഴിവുള്ള കുളവെട്ടി മരങ്ങളുടെ പച്ചത്തുരുത്തുകൾക്ക് ഏറെ പ്രസക്തിയുണ്ട്. കുളവെട്ടി മരങ്ങൾക്ക് പുറമേ അഞ്ച് ഇനം മാവ്, പ്ലാവ്, ആപ്പിൾ ചാമ്പ, നീർമരുത്, ഞാവൽ, മൂന്നു ഇനങ്ങളിലുള്ള പേരമരങ്ങൾ, അനാർ, ആര്യവേപ്പ്, കറിവേപ്പ്, ചാമ്പ, അമ്പഴം, സ്വീറ്റ് ലൂബി, നാരകം എന്നിവയും ഇവിടെയുണ്ട്. വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇൗ പച്ചത്തുരുത്ത്.










0 comments