തൃശൂർ നഗരത്തിൽ ആന വിരണ്ടോടി

ഇടഞ്ഞ ആന ടൗൺഹാളിനു മുന്നിൽ നിർത്തിയിട്ട കാർ തകർത്ത നിലയിൽ
കെ എ നിധിൻനാഥ്
Published on May 24, 2026, 12:15 AM | 1 min read
തൃശൂർ
തേക്കിൻകാട് മൈതാനത്ത് കിഴക്കേ ഗോപുരനടയ്‌ക്ക് സമീപത്തുനിന്ന് ഇടഞ്ഞോടിയ ആന തൃശൂർ നഗരത്തെ മൂന്നു മണിക്കൂറിലേറെ മുൾമുനയിൽ നിർത്തി. നഗരത്തിൽനിന്ന് ജനവാസ മേഖലയിലേക്ക് കടന്ന ആന വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മൂന്നു കിലോമീറ്റർ ദൂരം ഇടഞ്ഞോടിയ ആനയെ ചേറൂർ ഗാന്ധി നഗർ സ്‌ട്രീറ്റിൽവച്ചാണ് തളക്കാനായത്. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെ ഉടമസ്ഥതയിലുള്ള ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് രാവിലെ 8.50ഓടെ ഇടഞ്ഞത്. വടക്കുന്നാഥ ക്ഷേത്രത്തിൽ തൊഴുവിക്കാൻ വേണ്ടിയാണ് ആനയെ കൊണ്ടുവന്നതെന്നാണ് ആനയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വിൽപ്പനയ്‌ക്കായി എത്തിച്ചതാണെന്നും സൂചനയുണ്ട്. തേക്കിൻകാട് മൈതാനത്ത് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ആന ഇടഞ്ഞോടിയത്. മൈതാനിയിൽനിന്ന് പാലസ് റോഡിലേക്കിറങ്ങിയ ആന ടൗൺഹാളിന് മുന്നിലെത്തിയപ്പോഴേക്കും അക്രമാസക്തനായി. വഴിയരികിലെ കാറും ഓട്ടോറിക്ഷയും കുത്തിമറിച്ചിട്ടു. ഗാന്ധിനഗറിൽവച്ച് ആന കുത്തിമറിച്ച കാറിൽനിന്ന് സംഗീത എന്ന യുവതി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇടഞ്ഞോടുമ്പോൾ വാഹനങ്ങളും മറ്റും തകർക്കുന്നതിനിടെ ആനയുടെ മസ്തകത്തിലും തുമ്പികൈയിലും ചെവിയിലും കൊമ്പിനരികിലും പരിക്കേറ്റു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും മതിലുകൾക്കും വൻ നാശഷ്ടമാണ് ഉണ്ടാക്കിയത്. തൃശൂർ, പെരിങ്ങാവ് വില്ലേജുകളിലായി അഞ്ച് ഇരുചക്ര വാഹനങ്ങൾ, രണ്ടു കാർ, അഞ്ച് വീടുകളുടെ ചുറ്റുമതിൽ, പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ ട്രസ് വർക്ക്, ഓട്ടോ, ടൗൺഹാളിന്റെ മതിൽ എന്നിവ ആനക്കലിയിൽ തകർന്നു. വിരണ്ട ആനയുടെ ചിത്രമെടുക്കാൻ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫർ വിഘ്‌നേഷ് കൃഷ്ണമൂർത്തി, കേരള കൗമുദി ഫോട്ടോഗ്രാഫർ റാഫി എം ദേവസി എന്നിവരെ പാപ്പാൻമാരും ആനയ്‌ക്കൊപ്പമുണ്ടായിരുന്നവരും കൈയേറ്റം ചെയ്‌തു. വിഘ്‌നേഷിന്റെ മുഖത്ത് പരിക്കേറ്റു. അതേസമയം, ആനയിടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.










0 comments