ശാപമോക്ഷമില്ലാതെ ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി

ചാലക്കുടിയിലെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി
കെ ജെ ലിജോ
Published on Apr 01, 2026, 12:15 AM | 1 min read
ചാലക്കുടി
ശാപമോക്ഷമില്ലാതെ ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി. ബി ഡി ദേവസി എംഎല്‍എ ആയിരുന്ന കാലത്ത് നിര്‍മാണം നടത്തിയതിൽ കൂടുതലായൊന്നും ഇതുവരേയും ചെയ്തിട്ടില്ല. ആയുഷ് വകുപ്പിന്റെ ഒന്പത് കോടി ഉപയോഗപ്പെടുത്തി നാല് നിലകളിലായാണ് കെട്ടിടം നിര്‍മിച്ചത്. ആയുര്‍വേദം, സിദ്ധ, യുനാനി തുടങ്ങി ചികിത്സകളുടെ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. ബഹുഭൂരിഭാഗം നിര്‍മാണവും പൂര്‍ത്തീകരിച്ച ആശുപത്രി കെട്ടിടം സജ്ജമാക്കാനും തുറന്നുകൊടുക്കാനും അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ തയ്യാറായില്ലെന്നാണ് ആക്ഷേപം. ബി ഡി ദേവസിയുടെ ശ്രമഫലമായാണ് ആയുര്‍വേദ ആശുപത്രി ചാലക്കുടിക്ക് ലഭിച്ചത്. കഴിഞ്ഞ നഗരസഭ എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയപാതയോരത്ത് കോസ്‌മോസ് ക്ലബ്ബിന് സമീപം ആശുപത്രിക്ക് ആവശ്യമായ നഗരസഭവക സ്ഥലം നല്കി. ആദ്യം 50സെന്റും പിന്നീട് 10 സെന്റ് ഭൂമിയുമാണ് നല്കിയത്. അക്കാലത്ത് തന്നെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. നേത്രചികിത്സയുടെ അത്യാധുനിക കേന്ദ്രം കൂടിയാകും ആയുര്‍വേദാശുപത്രി. നേത്രചികിത്സാ സ്‌പെഷ്യാലിറ്റിയും ലാബ് സൗകര്യവും ഇവിടെ ഒരുക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ രണ്ട് നേത്ര വിദഗ്‌ധരുടേയും ഒരു ജനറല്‍ വിഭാഗം ഡോക്ടറുടെ സേവനമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ നിസ്സഹകരണം മൂലം ഈ ചികിത്സ ലഭ്യമാകുന്നതിനുള്ള സൗകര്യം ഇല്ലാതായി. ആയുര്‍വേദാചാര്യന്‍ രാഘവന്‍ തിരുമുല്‍പ്പാടിന്റെ പേര് ആയുര്‍വേദാശുപത്രിക്ക് നല്കാനും തീരുമാനിച്ചിരുന്നു. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമാകേണ്ടിയിരുന്ന ആയുര്‍വേദാശുപത്രി എംഎല്‍എയുടെ നിസ്സഹകരണം മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇല്ലാതായിരിക്കുകയാണ്.










0 comments