ശരീരം തളർന്നെങ്കിലും മനസ്സ് തളർന്നില്ല ചെമ്പൻ യൂനിസിന് ഡോക്ടറേറ്റ്

യൂനുസ്
കുന്നംകുളം
ഏഴാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്ന യൂനിസിന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കിട്ടിയതിന്റെ കഥയാണ് പറയാനുള്ളത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാസ്‌ക്കുലർ ഡിസ്ട്രോഫി അസുഖം ബാധിച്ച് പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അസഹനീയമായ വേദനയിൽ കൂടി സഞ്ചരിച്ചപോഴും പഠന മോഹം മനസ്സിൽ കൊണ്ട് നടന്ന യൂനുസ് തളർന്ന ശരീരവുമായി 19–ാം വയസ്സിൽ പത്താം ക്ലാസ്സ് തുല്യത പരീക്ഷ എഴുതി ജയിച്ചു. പിന്നീട് ബി എ പൊളിറ്റിക്കൽ സയൻസിൽ ഓപ്പൺ ഡിഗ്രിയ്ക്ക് ചേരുകയും വീട്ടിൽ ഇരുന്ന് പഠിച്ച് ഡിഗ്രി നേടുകയും ചെയ്തു. തുടർന്ന് എം എ പൊളിറ്റിക്കൽ സയൻസ് പഠിക്കാനായി കലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിൽ അപേക്ഷിച്ചു. സർവകലാശാലയിൽ ഒന്നാം നിലയിലായിരുന്നു ക്ലാസ്. എന്നാൽ കൂട്ടുകാരുടെ സഹായത്തോടെ ആ കടമ്പയും യൂനസ് നിഷ്‌പ്രയാസം മറികടന്നു. മൂന്നാം സെമസ്റ്ററിൽ യുജിസി നെറ്റ് പരിക്ഷയിൽ ജയിച്ചു. 2019ൽ സർവകലാശാലയിൽ തന്നെ ഗവേഷണത്തിനായി പ്രവേശിച്ചു. പഴഞ്ഞി എം ഡി കോളേജിലെ പൊളിറ്റിക്കൽ സയൻസ് മുൻ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ. ജിജി പോളിന്റെ കൂടെയായിരുന്നു ഗവേഷണം. മലപ്പുറം ജില്ലയിൽ നിതാഖത് വരുത്തിയ സാമ്പത്തിക, സാമൂഹിക പ്രതിഫലനങ്ങളെ കുറിച്ചായിരുന്നു ഗവേഷണം. തളർന്ന ശരീരത്തെ വകവെയ്ക്കതെ, തളരാത്ത മനസ്സുമായി പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി യൂനുസ് തന്റെ സ്വപ്നം യാഥാർഥ്യമാക്കി. മലപ്പുറം ജില്ലയിലെ പറമ്പിൽപ്പീടിക, പെരുവള്ളൂർ പഞ്ചായത്തിൽ ചെമ്പൻ ഹൗസിൽ പരേതനായ അബൂബക്കർ - സഫിയ ദമ്പതികളുടെ മൂത്ത മകനാണ് യൂനുസ്. സഹോദരി മാജിത.









0 comments