കൊറിയർ സർവീസിന്റെ മറവിൽ ലഹരിവിൽപ്പന
6 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

ആളൂർ
കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘത്തെ റൂറൽ പൊലീസ് പിടികൂടി. ലഹരി ഇടപാടുകൾക്കിടയിൽ "തേർഡ് ഐ" എന്നറിയപ്പെടുന്ന സംഘത്തിലെ ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് കൊമ്പിടിഞ്ഞാമാക്കൽവെച്ച് കാറിൽ കടത്തുകയായിരുന്ന 6 കിലോയോളം കഞ്ചാവുമായിട്ടാണ് ഇവരെ തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ആളൂർ പൊലീസും ചേർന്ന് പിടികൂടിയത്. പ്രത്യേക ഓൺലൈൻ ഗ്രൂപ്പുകൾ വഴി ആവശ്യക്കാരെ കണ്ടെത്തി കൊറിയർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇവർ ലഹരി കൈമാറ്റം നടത്തിയിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡാൻസാഫ് എസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി എം മൂസ, എഎസ്ഐമാരായ എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, സിപിഒ ഇ വി ശ്രീജിത്, ആളൂർ എസ്എച്ച്ഒ ബി ഷാജിമോൻ, എസ്ഐ കെ ടി ബെന്നി, ജിഎസ്ഐമാരായ ജെയ്സൺ, സി എസ് സുമേഷ്, എഎസ്ഐ ബൈജു, എസ്‌സിപിഒ മാരായ ജിബിൻ, സമീഷ്, സിപിഒ സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments