വീറും വാശിയും സൗഹൃദവും ഒന്നുചേർന്ന്


സ്വന്തം ലേഖകൻ
Published on Oct 08, 2026, 12:00 AM | 1 min read
കുന്നംകുളം
പുതുവേഗവും ദൂരവും തേടിയെത്തിയ കൗമാരതാരങ്ങൾക്ക് മുന്നിൽ പ്രതീക്ഷയുടെ വിസിൽ മുഴങ്ങി. ട്രാക്കിലും പിറ്റിലും വീറും വാശിയും ഒപ്പം ഒന്നുചേരലിന്റെ സ്‌നേഹവും നിറച്ച് ജില്ലാ സ്‌കൂൾ കായികോത്സവത്തിന് തുടക്കമായി. തുടക്ക വിസിലിനും ഫൈനലിൽ ലൈനിനുമിടയിലുള്ള നിമിഷങ്ങളിലെ വാശിക്കപ്പുറം സൗഹൃദത്തിന്റെയും ഓർമപുതുക്കലിന്റെയും പുതുകൂട്ടുകെട്ടുകൾ കോർത്തെടുക്കുന്നതിന്റെയും ഇടമായി കുന്നംകുളം ഗ്രൗണ്ട്. സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ മത്സരത്തോടെയാണ് മത്സരം ആരംഭിച്ചത്. ഐബിൻ പുലിക്കോട്ടിൽ സബിൻ മേളയിലെ ആദ്യ സ്വർണം നേടി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വി എസ് ദേവഹാരയും ആൺകുട്ടികളിൽ ആൽബർട്ടോ സാവിയോയും ഇരട്ട സ്വർണം നേടി. വ്യാഴാഴ്ച 22 ഫൈനലുകൾ നടക്കും. കായികോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി. ഡിഡിഇ ടി ഷൈല പതാക ഉയർത്തി. കായിക താരങ്ങളായ എം അനന്തു, അഭിയാത്ത്, ടി ആർ സനീഷ്, എന്നിവർ ചേർന്ന് കൊണ്ടുവന്ന ദീപശിഖ കെ ജെ എവിൻ തെളിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ, ജില്ലാ പഞ്ചായത്തംഗം എം വി പ്രശാന്തൻ, പി എ റസിയ, ദിയ ഫിലിപ്പ് എന്നിവർ സംസാരിച്ചു.









0 comments