ad
Deshabhimani

വേനൽ മഴ കുറവ് ചൂട‍് കടുക്കും

കനത്ത വെയിലിൽ തളർന്ന മകൾക്ക്‌ വെള്ളം കൊടുക്കുന്ന അമ്മ. തേക്കിൻകാട്‌ മൈതാനിയിൽ നിന്നുളള ദൃശ്യം
                                                                                                                                                                                                            / ഫോട്ടോ: ഡിവിറ്റ്‌ പോൾ

കനത്ത വെയിലിൽ തളർന്ന മകൾക്ക്‌ വെള്ളം കൊടുക്കുന്ന അമ്മ. തേക്കിൻകാട്‌ മൈതാനിയിൽ നിന്നുളള ദൃശ്യം
 / ഫോട്ടോ: ഡിവിറ്റ്‌ പോൾ

avatar
കെ എൻ സനിൽ ​

Published on Apr 21, 2026, 01:08 AM | 1 min read

തൃശൂർ

പ്രതീക്ഷിച്ച അളവിൽ വേനൽമഴ ലഭിക്കാത്തത്‌ ഇ‍ൗ വേനലിനെ കടുപ്പമുള്ളതാക്കിയേക്കും. വരും ദിവസങ്ങളിൽ വ്യാപകമായി വേനൽമഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത്‌ ജലക്ഷാമം രൂക്ഷമാകും. ഇപ്പോൾ ലഭിക്കുന്നതരത്തിൽ അങ്ങിങ്ങ്‌ മഴ ലഭിച്ചതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്ത്‌ ‍ഇതുവരെ വ്യാപക വേനൽ മഴ ലഭിച്ചിട്ടില്ല. ജില്ലയിൽ പകൽച്ചൂട്‌ 37 ഡിഗ്രിക്ക്‌ മുകളിലാണ്‌. എന്നാൽ അന്തരീക്ഷത്തിലെ ഇ‍ൗർപ്പം മൂലം 40 ഡിഗ്രിക്ക്‌ സമാനമായാണ്‌ അനുഭവപ്പെടുന്നത്‌. മറ്റ്‌ പല ജില്ലകളിലും ലഭിച്ചത്ര വേനൽ മഴ ഇക്കുറി തൃശൂരിൽ ലഭിച്ചിട്ടില്ല. രാത്രിച്ചൂടും ഉയർന്ന നിലയിലാണ്‌. 27 മുതൽ 30 ഡിഗ്രി വരെയാണ്‌ ജില്ലയിൽ രാത്രിയിലെ താപനില. ഇതും സാധാരണയിലും ഉയർന്നതാണ്‌. രാത്രി അന്തരീക്ഷം മേഘാവൃതമാകുന്നതിനാൽ ചൂട്‌ മുകളിലേക്ക്‌ പോകാതെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത്‌ രാത്രി പുഴുക്കം കൂടാൻ കാരണമാണ്‌. പരക്കെ മഴ ലഭിച്ചാൽ മാത്രമേ ഇതിന്‌ ശമനമുണ്ടാകൂ. തീരമേഖല മുതൽ മലയോരംവരെ ഒരുപോലെ ഇ‍ൗ ചൂട്‌ അനുഭവപ്പെടുന്നുണ്ട്‌. പലയിടത്തും ഉപരിതല ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ജലദ‍ൗർലഭ്യം കാർഷികവിളകളെയും കന്നുകാലി സന്പത്തിനെയും ബാധിക്കും. മഴക്കുറവ്‌ വനമേഖലയിലും വലിയ ആഘാതം സൃഷ്‌ടിക്കും. ജലസ്രോതസ്സുകളുടെ വരൾച്ച മൂലം വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്‌ പതിവായി. ഏപ്രിൽ പൂർണമായും മെയ്‌ ആദ്യവാരവും വ്യാപക മഴയില്ലാത്ത സ്ഥിതി തുടർന്നാൽ ഭൂഗർഭ ജലസ്രോതസ്സുകളെ ബാധിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷകൻ ഗോപകുമാർ ചോലയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home