ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ വധശ്രമം മർദനം പതിവായിരുന്നു: ഭാര്യ പ്രിയങ്ക

പ്രിയങ്ക
കൊടുങ്ങല്ലൂർ
ഭർത്താവ് തന്നെ മർദിക്കുന്നത് പതിവായിരുന്നുവെന്ന് ബിജെപി സൗത്ത് ജില്ലാപ്രസിഡന്റ് എ ആർ ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു. മക്കളുടെ ഭാവിയെ കരുതിയാണ് പുറത്ത് പറയാതിരുന്നത്. മറ്റു സ്‌ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്‌തതിനാണ് കഴിഞ്ഞ ഒമ്പതിന് രാത്രിയിൽ വധശ്രമമുണ്ടായത്. തലമുടി ചുറ്റിപ്പിടിച്ച് തലചുമരിലടിക്കാൻ ശ്രമിച്ചു. മുഖത്തും തലയ്‌ക്കും കനത്ത മർദനമേൽപ്പിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ അഭിരാമിൽനിന്ന് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് ഉണ്ടായത്. മതിയായ ചികിത്സ നൽകാൻ തയ്യാറായില്ല. ആക്രമണത്തിനുശേഷം ബിജെപിക്കാർ സമൂഹ്യ മാധ്യമങ്ങളിൽ നുണ പ്രചരിപ്പിക്കുന്നുണ്ട്. തന്നെ കൊല്ലാൻ ശ്രമിക്കുന്ന സമയത്ത് മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ ശ്രീകുമാർ മർദിച്ചിട്ടില്ല എന്നും ഞാൻ നുണ പറയുന്നുവെന്നുമാണ് ബിജെപിക്കാർ പ്രചരിപ്പിക്കുന്നത്. സ്വന്തം നേതാവിനെ വിശുദ്ധനാക്കാനാണ് ശ്രമം. നിരന്തരം മർദിക്കുന്ന ഭർത്താവിനൊപ്പം ജീവിച്ചു പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ശ്രീകുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറഞ്ഞു. മഹിളാ അസോസിയേഷൻ തൃശൂർ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ ഭാര്യയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏതൊരു രാഷ്ട്രീയ പരിഗണനയ്ക്കും അതീതമായി ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ഇരയ്ക്ക് എല്ലാ പിന്തുണയും നൽകാൻ മഹിളാ അസോസിയേഷൻ സന്നദ്ധമാണെന്ന് ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ പ്രസ്‌താവനയിൽ പറഞ്ഞു. പ്രതിഷേധ ധർണ ഇന്ന് കൊടുങ്ങല്ലൂർ ബിജെപി ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിന്റെ മർദനത്തിന് ഇരയായ സ്ത്രീയുടെ സഹായ അഭ്യർഥന നിരസിച്ച മന്ത്രി ഒ ജെ ജനീഷിന്റെ നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും. ശനി വൈകിട്ട് 3.30ന് കൊടുങ്ങല്ലൂർ നഗരത്തിലാണ് പ്രതിഷേധം. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്യും. മിനി ഷാജി അധ്യക്ഷയാകും എ ആർ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുക: ഡിവൈഎഫ്‌ഐ തൃശൂർ എ ആർ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവെഎഫ്‌ഐ ജില്ലാ കമ്മിറ്റി. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാവുകയും സ്വന്തം വീട്ടിലെ സ്ത്രീകളെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ് ഇതോടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. പ്രിയങ്കയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ക്രൂരമായ സൈബർ ആക്രമണം അഴിച്ചുവിട്ട് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സ്വയംരക്ഷയ്ക്ക് സഹായം അഭ്യർഥിച്ച സ്ത്രീയോട് അവഗണന കാണിച്ച മന്ത്രി ജനീഷിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു. ബിജെപി– - കോൺഗ്രസ് ക്രിമിനലുകൾക്ക് അനുകൂലമായ പൊലീസ് നിലപാടിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, സെക്രട്ടറി കെ എസ് റോസൽരാജ് എന്നിവർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. സംഭവത്തിൽ മന്ത്രി ഒ ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രിയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്. ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിപിഐ കൊടുങ്ങല്ലൂർ ശ്രീകുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. എ ആർ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ സംഘം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments